വായനദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ 10.30ന് അടൂര്‍ ബോയ്സ് എച്ച്എസ്എസില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന് വായനദിന സന്ദേശം നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ ടി.കെ.ജി നായര്‍ വായനാനുഭവം പങ്കുവയ്ക്കും.
അടൂര്‍ നഗരസഭ ചെയര്മാന് ഡി. സജി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ പ്രസിഡന്റ് ഫാ.ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍ വായനദിന പ്രതിജ്ഞ ചൊല്ലും. വായനയുടെ വസന്തകാലം പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണമായും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ദേശീയ വായനദിന മാസാചരണമായും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പ്രതിജ്ഞ, അക്ഷരമരം, കൈയെഴുത്ത് മാസിക തയാറാക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവര-പൊതുജനസമ്പര്‍ക്കം, വിദ്യാഭ്യാസം, തദ്ദേശഭരണം, പഞ്ചായത്ത് വകുപ്പുകള്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍, കാന്‍ഫെഡ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, ഐടി മിഷന് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുക.

