ബ്രസല്‍സ്: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ, യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കുന്നതിനുള്ള ആദ്യ ചുവടുമായി യുറോപ്യന്‍ കമ്മിഷന്‍. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള സ്ഥാനാര്‍ഥിയായി യുക്രൈനെ അംഗീകരിക്കാന്‍ യൂറോപ്യന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.അംഗത്വം നല്‍കുന്നതിനായുള്ള നീണ്ട പ്രക്രിയകളുടെ തുടക്കമാണിത്. യുക്രൈന്റെ മുന്‍ സോവിയറ്റ് അയല്‍രാജ്യമായ മോള്‍ഡോവയ്ക്കും ”സ്ഥാനാര്‍ഥി പദവി” ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, ജോര്‍ജിയയുടെ കാര്യത്തില്‍ തീരുമാനമായില്ല.
അംഗത്വത്തിനായി ശ്രമിക്കുന്ന സ്ഥാനാര്‍ഥി രാജ്യമെന്ന നിലയില്‍ യുക്രൈനെ സ്വാഗതം ചെയ്യുകയാണെന്നും സുപ്രധാന ജോലികള്‍ ബാക്കിയുണ്ടെന്നും യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ലെയന്‍ പറഞ്ഞു.യുക്രൈന് സ്ഥാനാര്‍ഥി പദവി നല്‍കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും പച്ചക്കൊടി കാട്ടണം. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.റഷ്യന്‍ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ എത്രയുംവേഗം യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. എന്നാല്‍, യുക്രൈനെ തിടുക്കത്തില്‍ സ്വീകരിക്കുന്നതിനോട് നെതര്‍ലന്‍ഡ്സ് ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേ സമയം, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ യുക്രൈന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യ ചുവട് അംഗീകരിക്കപ്പെട്ടാല്‍ തന്നെ അംഗത്വം ലഭിക്കണമെങ്കില്‍ നിരവധി വര്‍ഷങ്ങളെടുക്കും. യുക്രൈന്‍ നിരവധി പരിഷ്‌കരണ നടപടികള്‍ കൈക്കൊള്ളേണ്ടിവരും. ജുഡീഷ്യല്‍ രംഗത്തെ നവീകരണം, വ്യാപകമായ അഴിമതി ഇല്ലാതാക്കാനുള്ള നപടികള്‍ തുടങ്ങിയവ സ്വീകരിക്കേണ്ടിവരുമെന്നും യൂറോപ്യന്‍ കമ്മിഷന്‍ മേധാവി അറിയിച്ചു.