പൂത്തോട്ട സാമൂഹികരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഹൈബി ഈഡന്‍ എം.പി.യുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
നിലവിലെ കെട്ടിടത്തിന്റെ മുകളില്‍ ഒരു നില കൂടി നിര്‍മ്മിക്കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുക. 3000 ചതുരശ്ര അടിയില്‍ സ്‌പെഷാലിറ്റിറി ഒ.പി ക്ലിനിക്കുകളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക.
നിലവില്‍ നാല് ഡോക്ടര്‍മാരുടെ സേവനത്തിനു പുറമേ സ്‌പെഷ്യാലിറ്റി ഒ.പി ക്ലിനിക് ആരംഭിക്കുന്നതോടെ എട്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത നേതൃത്വത്തില്‍ 18 ഓക്‌സിജന്‍ കിടക്കകള്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഫിസിയോതെറാപ്പി സെന്ററും താമസിയാതെ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബ് സൗകര്യവും ആശുപത്രിയില്‍ ലഭ്യമാണ്.
ചെമ്പ്, പെരുമ്പളം, പൂത്തോട്ട ഭാഗത്തുള്ളവര്‍ ആശ്രയിക്കുന്നത് പൂത്തോട്ട സാമൂഹികരോഗ്യ കേന്ദ്രത്തെയാണ്. നിലവില്‍ സ്‌പെഷ്യല്‍ ക്ലിനിക്കുകള്‍ക്കായി മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന പ്രദേശവാസികള്‍ക്ക് സ്‌പെഷ്യാലിറ്റി ഒ. പി ആരംഭിക്കുന്നതോടെ കൂടുതല്‍ സൗകര്യമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍ പറഞ്ഞു.

