ജറൂസലേം: സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയാറെടുക്കുന്നതായി ഇസ്രയേല്‍ സാമ്പത്തിക മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ജറുസലേമില്‍ എത്തിയിരുന്നെന്നും മന്ത്രാലയം. 2022 പകുതിയോടെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുക എന്നതാണ് ലക്ഷ്യം. ഇതിനായി കഴിഞ്ഞ ഒക്ടോബറില്‍, ഇന്ത്യയും ഇസ്രയേലും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചതാണ്. അടിസ്ഥാന നിയമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ത്യയുടെ വ്യവസായ-വ്യാപാര രംഗങ്ങളില്‍നിന്നുള്ള ഉന്നതതല സംഘം ഇസ്രയേലി ഉന്നതരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഇസ്രയേല്‍- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമായി. തന്ത്രപരവും സൈനികവും സാങ്കേതികവുമായ പങ്കാളിത്തത്തിനു രൂപം നല്‍കിയിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം 2021-ല്‍ 6.3 ശതകോടി ഡോളറായി ഉയര്‍ന്നു. 1992-ല്‍ 200 ദശലക്ഷം ഡോളറായിരുന്നു ഇത്. കൃഷി, കാലാവസ്ഥ, ജലം, ആഭ്യന്തര സുരക്ഷ, ഫിന്‍ടെക്, സൈബര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും വെല്ലുവിളികള്‍ യോജിച്ചു പങ്കിടുകയാണെന്ന് ഇസ്രേലി ധനമന്ത്രി ഒര്‍ന ബാര്‍ബിവായ് പ്രസ്താവിച്ചു.