ജീവനോടെ കത്തിയമരുന്ന അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു

വിഴിഞ്ഞം: വിഴിഞ്ഞം ചൊവ്വര ഗ്രാമത്തിൽ പതിനൊന്ന് കെവി ലൈനിൽ ഇരുമ്പുകമ്പി കുരുങ്ങി ഷോക്കേറ്റ് ജീവനോടെ കത്തിയമരുന്ന അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും അതേരീതിയിൽ മരിച്ചു. പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടന്റെയും, മകൻ റെനിലിന്റെയും ദാരുണാന്ത്യം താങ്ങാവുന്നതിലേറെയായി. ഹൃദ്രോഗത്തെ തുടർന്ന് കിടപ്പിലായ ഭാര്യ സരസമ്മക്ക് വേണ്ടി കരിക്ക് വെട്ടാന്‍ പോയ പിതാവും, ഷോക്കേറ്റ പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച പുത്രനുമാണ് അപകടത്തിൽ മരിച്ചത്.

ഒരു കരിക്ക് അടർത്തിയതിനുശേഷമാണ് അപ്പുക്കുട്ടന്റെ കയ്യിൽ നിന്നും തോട്ടി വഴുതി വൈദ്യുതി കമ്പിയിലേക്ക് വീണ് കുരുങ്ങിയത്. കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പി വളച്ച് തോട്ടിയാക്കിയതിന്റെ ഏതാനും ഭാഗത്ത് തടിക്കഷണം കെട്ടിയിരുന്നെങ്കിലും അത് വൈദ്യുതാഘാതം തടയാൻ മതിയായിരുന്നില്ല. പുറത്തു പോയ മകന്‍ റെനില്‍ തിരിച്ചെത്തുമ്പോൾ കാണുന്നത് തൊട്ടുമുന്നിലെ കടയുടെ ടെറസിനു മുകളിൽ നിന്ന് പുകയും തീയും ഉയരുന്നതാണ്. അച്ഛനെ വിളിച്ച് ടെറസിലേക്ക് ഓടുന്ന റെനിലിനെയാണ് അയൽവാസികൾ ശ്രദ്ധിക്കുന്നത്. വൈദ്യുത ലൈനിൽ കുരുങ്ങിക്കിടന്ന ഇരുമ്പ് തോട്ടിയുടെ ഭാഗം റെനിലിന്റെ ശരീരത്തിൽ തട്ടിയത് കൊണ്ടാവണം റനിലും ഷോക്കേറ്റു വീണു. തോട്ടി ഏറെനേരം തൊട്ട് ഇരുന്നതിനാൽ കാൽ കത്തിയമർന്നു.

അയൽവാസികൾ ടെറസിലേക്ക് പാഞ്ഞെത്തിയെങ്കിലും അപകടത്തിന്റെ ഗൗരവം മനസ്സിലായതിനാൽ കൂടുതൽ പേരെ ഷോക്ക് ഏൽക്കുന്നതിൽ നിന്ന് രക്ഷിക്കാനായി. റെനിൽ കൂടി കത്തിയമരുന്നത് കണ്ടതോടെ സമീപവാസികൾ നിലവിളിയുമായി ഓടിയെത്തിയെങ്കിലും ആരും മുകളിലേക്ക് പോകരുതെന്ന് അലമുറയിട്ട് ഓടിക്കയറാൻ പോയവരെ പിന്തിരിപ്പിക്കുകയായിരിന്നുവെന്ന് പ്രദേശവാസി ശ്രീരംഗൻ പറഞ്ഞു. സംഭവമറിഞ്ഞെത്തിയ 108 ആംബുലൻസ് സംഘം ഓടിയെത്തുമ്പോൾ വൈദ്യുതി ബന്ധം വേർപെടുത്തിയിരുന്നില്ല. ഫയർഫോഴ്സ് അധികൃതരാണ് അവരെ അപകടത്തിൽ പെടാതെ തടഞ്ഞത്. റെജി, വിജി എന്നിവരാണ് അപ്പുക്കുട്ടന്റെ മറ്റുമക്കൾ. മരുമകൻ പ്രദീപ് . നേരത്തെ ചുമട്ടു തൊഴിലാളിയായിരുന്നു അപ്പുക്കുട്ടൻ. ഗ്യാസ് ഏജൻസിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് റെനിൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →