ഈ ദുഃഖങ്ങളുടെ കണക്ക് എങ്ങനെ എടുക്കും?

മുഴുവന്‍ സമയവും സന്നദ്ധ പ്രവര്‍ത്തകയായ പത്മജ എസ്സ് മേനോന്‍ എറണാകുളം ജില്ലയിലെ പ്രളയ ബാധിതരുടെ ഇടയില്‍ ഇപ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. പ്രളയ ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് അവര്‍ സാക്ഷ്യം വഹിച്ചതും നേരിട്ടതുമായ സാഹചര്യങ്ങള്‍ പങ്കുവയ്ക്കു കയാണ് .

ചേന്ദമംഗലം മുണ്ട്യാംതോപ്പില്‍ താമസിക്കുന്ന അഥവാ താമസിച്ചിരുന്ന അനില്‍കുമാര്‍ മാനസികാസ്വാസ്ഥ്യത്തിന് മരുന്നു കഴിച്ചിരുന്നയാളാണ്. 16ന് പ്രളയം അവര്‍ അഭയമാക്കിയ ചേന്ദമംഗലത്തെ പാലിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ വിഴുങ്ങിയപ്പോള്‍ ഭാര്യ രതി, ഒരു കൈയില്‍ എട്ടാം ക്ലാസുകാരനായ മകനെയും മറുകൈയില്‍ ഭര്‍ത്താവ് അനില്‍കുമാറിനെയും ചേര്‍ത്തുപിടിച്ച് കഴുത്തറ്റം വെള്ളത്തിലേക്ക് അയല്‍വാസികള്‍ക്കൊപ്പം ഇറങ്ങി. കരകാണാന്‍ കഴിയാത്ത വെള്ളത്തിലൂടെ നടക്കുമ്പോഴാണ് നേവിയുടെ റെസ്ക്യൂ ബോട്ട് എത്തിയത്. രോഗിയായ അനിലിനെ കൊണ്ടുപോകാന്‍ അവര്‍ തയ്യാറായി. രോഗിയല്ലാത്തതിനാല്‍ രതിയേയോ മകനേയോ കൂടെകൂട്ടണമെന്ന അപേക്ഷ അവര്‍ സ്വീകരിച്ചില്ല. ഇരുകാലുകളിലും നീരുവന്ന പ്രായമായ ഒരു ചേട്ടനെയും “കാലുണ്ടല്ലോ, പതുക്കെ നടന്നുവന്നാല്‍ മതി”-യെന്നുപറഞ്ഞ് ബോട്ടില്‍ കയറ്റിയില്ല.

ഭര്‍ത്താവിനെ കൈവിട്ട വ്യഥയില്‍ മകനെ ചേര്‍ത്തുപിടിച്ച് ഒന്നര മണിക്കൂറുകളോളം വെള്ളത്തിലൂടെ തുഴയുമ്പോള്‍ മറ്റൊരു ബോട്ടെത്തി. എങ്ങനെയും ഭര്‍ത്താവിന്‍റെ അടുത്തെത്തിക്കണമെന്ന് കരഞ്ഞപേക്ഷിച്ചപ്പോള്‍ രതിയെയും മകനെയും തള്ളിക്കൊണ്ടുപോകുന്ന ഒരു റബ്ബര്‍ വഞ്ചിയില്‍ കയറ്റി. ചേന്ദമംഗലം പാലത്തിനിപ്പുറം വഞ്ചിയില്‍നിന്ന് ഇറക്കിവിട്ടു. അപ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. അവിടെനിന്ന രണ്ടുമൂന്നു ചെറുപ്പക്കാര്‍ക്കൊപ്പം ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ രതിയും മകനും വെള്ളത്തിലൂടെ പറവൂര്‍ ലക്ഷ്യമാക്കി നടന്നു. രാത്രി പത്തരയോടെ സെന്‍റ് ജര്‍മ്മന്‍സ് സ്കൂളിലെത്തി. അവിടം മുഴുവന്‍ തിരഞ്ഞെങ്കിലും അനിലിനെ കണ്ടെത്താനായില്ല.

ഭര്‍ത്താവിന്‍റെ പേര് ഉറക്കെ വിളിച്ച്, ആധിയോടെ ക്യാമ്പില്‍ ഓടിനടക്കുമ്പോഴാണ് പരിചയക്കാരി ശോഭനയെ കണ്ടത്. ആളുകള്‍ വലിയ വലിയ ലോറികളില്‍ വന്നിറങ്ങുകയാണ്. കൂടുതലും ഹിന്ദിക്കാരായ തൊഴിലാളികള്‍. റോഡിലും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. അതിനിടയില്‍ യുവതിയായ രതി അര്‍ദ്ധരാത്രി സമയത്ത് തനിച്ച് റോഡിലൂടെ പോകുന്നതും മറ്റു ക്യാമ്പുകളില്‍ ചെന്നു കയറുന്നതും സുരക്ഷിതമല്ല എന്നു പറഞ്ഞ് ശോഭന കൈപിടിച്ച് തടഞ്ഞു. ആ രാത്രിയില്‍ ആ ക്യാമ്പില്‍ നില്‍ക്കാനും പിറ്റേന്ന് മറ്റ് ക്യാമ്പുകളില്‍ അനിലിനെ തിരയാന്‍ കൂടെ വരാമെന്നും അവര്‍ വാക്കുകൊടുത്തു. പിറ്റേന്ന് അതിരാവിലെ രതിയും, മകനും, ശോഭനയും മറ്റു ചിലരും ചേര്‍ന്ന് പറവൂരുള്ള എല്ലാ ക്യാമ്പുകളും അരിച്ചുപെറുക്കിയെങ്കിലും അനിലിനെ എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നുതന്നെ ആശാ വര്‍ക്കറുമൊത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ആകെ തളര്‍ന്നുപോയ രതിയോട് ഏറെ അനുകമ്പാപൂര്‍വമാണ് എഫ്.ഐ.ആര്‍. എഴുതിയ വനിതാ പോലീസ് പെരുമാറിയത്. ഈ മാനസികാവസ്ഥയില്‍ കൈ വിറയ്ക്കുന്നതിനാല്‍ എഴുതാനാവില്ലെന്നും അതിനാല്‍ അവര്‍ സ്വയം പരാതി എഴുതാമെന്നും പറഞ്ഞു. പരാതി വായിച്ചുകേട്ട് ഒപ്പിട്ടുനല്‍കി.

പിന്നെയും എല്ലാ ക്യാമ്പിലും അന്വേഷണം തുടര്‍ന്നു. രതിയും മകനും താമസിച്ച ക്യാമ്പിലെത്തിയ, സ്ഥലം എം.എല്‍.എയോടും മറ്റുദ്യോഗസ്ഥരോടും ഭര്‍ത്താവിനെ കാണുന്നില്ലെന്നും കണ്ടുപിടിച്ചു തരണമെന്നും കണ്ണീരോടെ കേണു. അന്നു വൈകുന്നേരം ആശ്വാസമായി ഒരു ഫോണ്‍കോള്‍ എത്തി. ‘അനില്‍ സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിലുണ്ടെന്നും’. ഒരു സ്ത്രീയാണ് വിവരം അറിയിച്ചത്. തുടര്‍ന്ന് ആ നമ്പരിലേക്ക് പലരും വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മെസേജ് ആണ് കിട്ടിയത്. പക്ഷേ, ആ ഫോണ്‍സന്ദേശം രതിക്കും, മകനും, അയല്‍ക്കാര്‍ക്കും, നാട്ടുകാര്‍ക്കും ആശ്വാസം നല്‍കി. ആള്‍ ജീവനോടെയുണ്ടല്ലോ. പിന്നെ ആശുപത്രി കേന്ദ്രീകരിച്ചായി അന്വേഷണം. നിരാശയായിരുന്നു ഫലം.

21ന് പകല്‍ രതിയും മകനും വീട്ടിലെത്തി. വീടു വൃത്തിയാക്കല്‍ ആരംഭിച്ചു. 25ഓടെ വീട്ടിലേക്ക് താമസം മാറ്റി. അപ്പോഴും അനിലിനെകുറിച്ച് വിവരമൊന്നുമില്ല. ദിവസവും പോലീസ് സ്റ്റേഷനില്‍ ചെന്ന് അന്വേഷിക്കും. വിവരമൊന്നുമറിയില്ല, എന്തെങ്കിലും അറിഞ്ഞാല്‍ ഉടന്‍ അറിയിക്കാമെന്ന പല്ലവി കേട്ട് മടങ്ങും. രതി പോലീസ് സ്റ്റേഷനില്‍ ദിവസവും ചെന്നിട്ടും ഒരിക്കല്‍ പോലും പോലീസ് രതിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയില്ല.

ചേന്ദമംഗലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ ഓമന എന്ന വീട്ടമ്മയാണ് രതിയുടെ നിസ്സഹായാവസ്ഥയെക്കുറിച്ചും പോലീസിന്‍റെയും അധികാരികളുടേയും നിസ്സംഗതയെക്കുറിച്ചും പറഞ്ഞത്. മുണ്ട്യാംതോപ്പിലെ രതിയുടെ വീട്ടിലെത്തുമ്പോള്‍ മകന്‍ മാത്രമേയുള്ളൂ. അമ്മ പോലീസ് സ്റ്റേഷനില്‍ പോയിരിക്കുകയാണെന്നു പറഞ്ഞു. രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടാണ് ആകെ പരിക്ഷീണയായി രതി എത്തിയത്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ നിന്നാണ് അപ്പോള്‍ അവര്‍ വന്നത്. വിവരം ചോദിച്ചപ്പോള്‍ മകനെ ചേര്‍ത്തുപിടിച്ച് രതി വിതുമ്പിക്കരഞ്ഞുപോയി.

പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് അവരുടെ അയല്‍വാസിയാണ്. രതി പറയുന്നതു മുഴുവന്‍ കള്ളമാണെന്നും അനിലിനെ അവര്‍ ഒളിപ്പിച്ചിരിക്കുകയാണെന്നുമാണ് അവര്‍ പറഞ്ഞു നടക്കുന്നതെന്ന് മറ്റൊരു അയല്‍ക്കാരി പറഞ്ഞു. ഞങ്ങളെ കാത്ത് അനിലിനൊപ്പം നേവിയുടെ ബോട്ടില്‍ കയറാന്‍ ശ്രമിച്ച കാലുവയ്യാത്ത ഒരു ചേട്ടനുമുണ്ടായിരുന്നു. അദ്ദേഹവും രതി പറഞ്ഞ കാര്യങ്ങള്‍ ശരിവച്ചു. ആശുപത്രിയിലുണ്ടെന്ന ഫോണ്‍ സന്ദേശത്തെകുറിച്ച് ഇനി നേവിയുടെ ആശുപത്രിയിലാവുമോ എന്ന് സംസാരമധ്യേ രതി പറഞ്ഞതു മനസ്സില്‍ വച്ച് പരിചയമുള്ള നേവി ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി. ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയവരുടെ പേര് മാത്രമേ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളൂ. അനില്‍ എന്നു പേരായ ഒരാള്‍ ആശുപത്രിയിലില്ല എന്ന മറുപടി ലഭിച്ചു. ഇരുപത്തി ഏഴാം തീയതിയാണ് ഞങ്ങള്‍ രതിയെ കണ്ടത്. പിന്നെ ദിവസവും പലവട്ടം ഫോണില്‍ അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒറ്റപ്പെട്ടുപോയ ഒരു യുവതിയായ വീട്ടമ്മയ്ക്ക് അതൊരു മാനസിക ബലമായിരുന്നു.

തയ്യല്‍ തൊഴിലാളിയായ രതി വീട്ടിലിരുന്ന് സ്വന്തം നിലയില്‍ തുന്നിക്കൊടുത്തും റെഡിമെയ്ഡായി നൈറ്റിയും അടിപ്പാവാടയും ഉണ്ടാക്കി വിറ്റും അരിയും പലവ്യഞ്ജനങ്ങളും മൊത്തമായി വാങ്ങി ചില്ലറവില്‍പ്പന നടത്തിയുമാണ് രോഗിയായ ഭര്‍ത്താവിനെയും, പഠിക്കാന്‍ മിടുക്കനായ മകനെയും സംരക്ഷിച്ചിരുന്നത്. പ്രളയജലം തയ്യല്‍മെഷീനും, വെയിങ് മെഷീനും കേടാക്കി. വെള്ളം കെട്ടിനിന്നതിനാല്‍ വാതിലും ജനലുമെല്ലാം അടച്ചു പോയതിനാല്‍ മുന്‍വാതില്‍ പോലും ഇപ്പോള്‍ അടയ്ക്കാനാവുന്നില്ല. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കിടക്കാന്‍ ഭയമുള്ളതിനാല്‍ അടുത്ത വീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇങ്ങനെ എത്രനാള്‍ തുടരാനാവും. എത്രയും പെട്ടെന്ന് ഒരു തയ്യല്‍ മെഷീന്‍ സംഘടിപ്പിച്ചു കൊടുക്കാമെന്നും കുറഞ്ഞത് മുന്‍-പിന്‍ വാതിലുകള്‍ക്ക് എങ്കിലും അടച്ചുറപ്പുണ്ടാക്കി കൊടുക്കാമെന്നും ഞങ്ങള്‍ ഏറ്റു.

എന്‍റെ വല്ല്യമ്മ മരിച്ച് ശവദാഹത്തിനായി പറവൂരില്‍ ഞാനുണ്ടായിരുന്ന സമയത്താണ് രതി കരഞ്ഞുകൊണ്ടു വിളിച്ചത്. ആഗസ്റ്റ് 31. “വടക്കേക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐ വിളിച്ചിരുന്നു, പുരുഷന്മാര്‍ ആരെങ്കിലും ഉടന്‍ അങ്ങോട്ടു ചെല്ലണം. ചേച്ചിക്കൊന്നു പോകാനാവുമോ? എനിക്ക് പേടിയാവുന്നു” എന്നാണ് കരച്ചിലിനിടയില്‍ പറഞ്ഞത്. ഞാന്‍ ഉടന്‍ വടക്കേക്കര പോലീസ് സ്റ്റേഷനില്‍ ചെന്നു. ആഗസ്റ്റ് 19നു കിട്ടിയ മൃതശരീരത്തിന് അനിലുമായി സാദൃശ്യം തോന്നുന്നു. പരാതിയില്‍ കൊടുത്ത ഫോട്ടോയിലെ അതേ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. വേഗം പറവൂര്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ മൃതദേഹം കണ്ട് തിരിച്ചറിയാനുള്ള കാര്യങ്ങള്‍ ചെയ്യാം.

ആഗസ്റ്റ് 17ന് കൊടുത്ത പരാതിയാണ്. ശരീരം കിട്ടിയത് 19ന്. ദിവസവും പോലീസ് സ്റ്റേഷനില്‍ വിവരം അന്വേഷിക്കുന്നുണ്ട്. 12 ദിവസം കഴിഞ്ഞാണോ ഇങ്ങനെ അനിലാണെന്ന് സംശയം തോന്നുന്ന ശരീരം കിട്ടിയ കാര്യം അറിയിക്കുന്നത്? എന്ന ഞങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇതെല്ലാം പറവൂര്‍ സ്റ്റേഷനില്‍ പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ് ഞങ്ങളെ മടക്കി.

പറവൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇങ്ങനെയൊരു പരാതി രണ്ടു ദിവസം മുമ്പാണു കിട്ടിയതെന്നും അവകാശികള്‍ ഇല്ലാത്തതിനാല്‍ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ മേലധികാരികള്‍ പറഞ്ഞിട്ട് രണ്ടു ദിവസംകൂടി കാക്കാമെന്നു കരുതിയാണെന്നുമാണ് പറഞ്ഞത്. ടി.വിയിലും പത്രങ്ങളിലുമെല്ലാം പരസ്യം കൊടുത്തിട്ടും എന്തുകൊണ്ട് നിങ്ങള്‍ വന്നില്ല എന്നു തട്ടിക്കയറുകയും ചെയ്തു.

രതി പറയുന്നതിങ്ങനെ ‘ഇല്ലാത്ത പൈസകൊണ്ട് ദിവസവും രണ്ടു പത്രങ്ങള്‍ വാങ്ങി താനും മകനും അരിച്ചുപെറുക്കി വായിച്ചു. അയല്‍ക്കാരും പേപ്പറും, ടി.വിയും നോക്കി. ഒരറിയിപ്പും കണ്ടില്ല. എന്നാല്‍, ആളെ കാണാതായ കാര്യം എല്ലായിടത്തും വരുകയും ചെയ്തു’. എന്തായാലും അനിലിന്‍റേതാണെന്നു സംശയിക്കുന്ന മൃതദേഹം എറണാകുളം മോര്‍ച്ചറിയിലുണ്ട്. ബന്ധുക്കള്‍ പോയി കണ്ട് തിരിച്ചറിയണം. അവര്‍ അങ്ങോട്ട് യാത്രയായി.

പിന്നെ രതി വിളിക്കുന്നത്, ശരീരം തിരിച്ചറിഞ്ഞു. പക്ഷേ, 13 ദിവസത്തെ മോര്‍ച്ചറി വാടകയായ 13,000 രൂപ കെട്ടിവച്ചാലേ വിട്ടുകൊടുക്കൂ എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു എന്നു പറഞ്ഞാണ്. അതും ഒത്തുതീര്‍പ്പാക്കി പിറ്റേന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബോഡി എത്താറായപ്പോള്‍ ആകെ അഞ്ചോ ആറോ പേര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒരു വന്‍ ദുരന്തത്തില്‍ തകര്‍ന്നുപോയ ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പാടുപെട്ട നിമിഷങ്ങള്‍. പിന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാനും രതി തെക്കുവടക്ക് ഓടേണ്ടിവന്നു. ഗവണ്‍മെന്‍റിന്‍റെ ധനസഹായം ഇതുവരെ ഈ കുടുംബത്തിനു കിട്ടിയിട്ടുമില്ല.

ആരുടെ മുന്നിലും കൈനീട്ടിനില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത രതിക്ക് ജീവിതം വീണ്ടും തുന്നിച്ചേര്‍ക്കാന്‍ റോട്ടറി കൊച്ചിന്‍ ഈസ്റ്റ് അംഗങ്ങള്‍ നൂതനമായ ഒരു തയ്യല്‍ മെഷീന്‍ നല്‍കി. റോട്ടറി ബോയ്സര്‍ ഇന്‍ഡസ്ട്രിയില്‍ ടൗണ്‍ അംഗങ്ങള്‍ പഠിക്കാന്‍ മിടുക്കനായ 98 ശതമാനം മാര്‍ക്കുള്ള മകന് മാസ സ്കോളര്‍ഷിപ്പ് നല്‍കാനും തയ്യാറായി. ജനലും വാതിലും അടച്ചുറപ്പുള്ളതാക്കി. കസേരയും മേശയും നല്‍കി. രതി ഇപ്പോള്‍ തുന്നല്‍ ക്ലാസും തുന്നലുമായി മുന്നോട്ടുപോകുന്നു. മകനാവട്ടെ ഒരു സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലും. പ്രളയം വിഴുങ്ങിയത് ഒരു കുടുംബത്തിന്‍റെ നാഥനെയാണ്. ചുവപ്പുനാടകളില്‍നിന്ന് മോചനം കിട്ടി അര്‍ഹമായ ധനസഹായം രതിക്ക് എത്രയും വേഗം കിട്ടട്ടെ.

ചേന്ദമംഗലത്ത് ഭർത്താവു നഷ്ടപ്പെട്ട രതിക്ക് റോട്ടറി കൊച്ചിൻ ഈസ്റ്റ് തുന്നൽ മെഷീൻ നൽകുന്നു

ചില റിലീഫ് ക്യാമ്പുകളില്‍ മൃതദേഹവുമായി ഇരിക്കുന്ന വീട്ടുകാരെ കണ്ടു. ചുറ്റും വെള്ളമായതിനാല്‍ സംസ്കരിക്കാനും ദഹിപ്പിക്കാനുമാവാത്ത അവസ്ഥ. പറവൂരിലെ ഒരു ക്യാമ്പില്‍ നിന്ന് ഒരു മൃതശരീരവുമായി വീട്ടുകാര്‍ പുറപ്പെട്ടതാണ്. അവരുടെ വാനിനു പുറകെ ഞങ്ങളുണ്ടായിരുന്നു. വെള്ളത്തിന്‍റെ ഗതിമാറിയൊഴുക്കില്‍ എല്ലാവരും കുടുങ്ങി.

സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി മുന്നില്‍ നില്‍ക്കുന്ന കുടുംബം. മകന്‍ വിദേശത്താണ്. മകള്‍ക്ക് അല്‍പം മാനസികാസ്വാസ്ഥ്യമുണ്ട്. പ്രളയത്തിനിടെയാണ് പിതാവ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരാണ് ആദ്യം വിവരമറിയുന്നത്. അച്ഛനൊന്നും പറ്റിയില്ല. അതിനാല്‍ ആരും വീട്ടില്‍ കയറേണ്ടാ എന്നുപറഞ്ഞ് മകള്‍ വീട് ഉള്ളില്‍നിന്നു പൂട്ടി. വീട് നിര്‍ബന്ധമായി തുറന്ന് ഉള്ളില്‍ പ്രവേശിച്ചാല്‍ കേസില്‍ ഭവനഭേദനം, സ്ത്രീയെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളൊക്കെ വന്നാലോ എന്നുഭയന്ന് പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചു. തല്‍ക്കാലം അതൊന്നും നോക്കാന്‍ സമയമില്ല എന്നായിരുന്നു മറുപടി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പോലീസ് മൃതദേഹം വെള്ളംകയറിയ വീട്ടില്‍നിന്നു മാറ്റുകയും മകളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

എന്‍റെ ഭര്‍ത്താവിന്‍റെ നാടായ കുഴൂര്‍ (മാള) മുഴുവനും വെള്ളത്തില്‍ മുങ്ങി. ഭര്‍തൃമാതാവ് അവിടെയുണ്ടായിരുന്നില്ല. ബന്ധുക്കളെല്ലാം ക്യാമ്പിലായിരുന്നു. ആറ് മൃതദേഹങ്ങളാണ് അവിടെ മാത്രം ഒഴുകിവന്നത്. ഹെലികോപ്റ്ററുകള്‍ മുകളില്‍ പറക്കുമ്പോള്‍ താഴെ നിന്ന് കൈകാണിച്ചാല്‍ അവ കൃത്യമായി മൃതശരീരത്തിനു മുകളിലെത്തുകയും വടത്തില്‍ കെട്ടി കൊണ്ടുപോവുകയും ചെയ്യുമായിരുന്നു.ഔദ്യോഗിക കണക്കു പ്രകാരം പ്രളയത്തില്‍ മരിച്ചവര്‍ 483 പേരാണ്. എന്നാല്‍ അതിന്‍റെ എത്രയോ മടങ്ങ് പേരാണ് പ്രളയ ദുരന്തത്തില്‍പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്, അല്ലെങ്കില്‍ ജീവച്ഛവമായി ജീവിക്കുന്നത്. ആലുവ ചെങ്ങമനാട്ടെ ദാസന്‍ പി. കെ പ്രളയത്തിന്‍റെ മറ്റൊരു ദുരന്തം കാട്ടിത്തരുന്നു. സെപ്റ്റംബര്‍ ഏഴിന് ഞങ്ങള്‍ ആ വീട്ടിലെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ മരണാനന്തര സഞ്ചയനം കഴിഞ്ഞിട്ടും വീട്ടുകാര്‍ പിരിഞ്ഞു പോയിരുന്നില്ല. പ്രളയം തന്‍റെ ജീവിത സമ്പാദ്യമായ വീട് വിഴുങ്ങുന്നതു കണ്ട് ഞെട്ടിപ്പോയ ദാസനെ കടുത്ത ശ്വാസം മുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയതാണ്. 31-ാം തീയതി തിരിച്ചു വീട്ടിലെത്തിയത് മൃതദേഹമായിരുന്നു. എല്ലാം നഷ്ടപ്പെട്ടതിന്‍റെയും നഷ്ടപ്പെട്ടതൊന്നും

അകാല വൈധവ്യത്തിന്‍റെ നൊമ്പരവുമായി ദാസന്‍റെ ഭാര്യ തങ്ക

തിരിച്ചുപിടിക്കാനാവില്ലെന്നുമുള്ള തിരിച്ചറിവ് ആ ജീവന്‍ നഷ്ടപ്പെടാവന്‍ കാരണമായി. മൃതശരീരം പോലും വീട്ടിനുള്ളില്‍ കയറ്റാനായില്ല എന്ന് മകന്‍ ദുഖഃപൂര്‍വ്വം ഓര്‍ക്കുന്നു. വെള്ളം നിറഞ്ഞ മുറ്റത്ത് മെറ്റല്‍ പൊടി കൂട്ടിയിട്ട് അതിലാണ് ദാസനെ കിടത്തിയത്. പഴയ വീട് നിലം പൊത്തിയ അവസ്ഥയിലായിരുന്നു. സിമന്‍റു തറയും മതിലും, മേല്‍ക്കൂരയുമെല്ലാം വിള്ളലുവീണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. വീടിന്‍റെ മേല്‍ക്കൂരയും, മതിലുമെല്ലാം മരക്കമ്പിനാല്‍ താങ്ങി നിറുത്തി, ജീവിതം വീണ്ടും തുടങ്ങുവാനുള്ള ഓട്ടത്തിലായിരുന്നു മകന്‍. അപ്രതീക്ഷിതമായെത്തിയ വൈധവ്യത്തിന്‍റെ ഞെട്ടലില്‍ നിന്നും മോചിതയാവാതെ തങ്ക ഇടയ്ക്ക് പൊട്ടിക്കരയുകയും ഞങ്ങളുടെ കൈകള്‍ കൂട്ടി പിടിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ വീട് താത്ക്കാലികമായി വാസയോഗ്യമാക്കുവാനുള്ള ടാര്‍പോളിനുകള്‍ കോലപൂരില്‍ നിന്നുള്ള കനേരി മഠത്തിലെ അദൃശ്യ സ്വാമിജികളും, വൈറ്റ് ആര്‍മിയുടെ ഉജ്ജ്വല്‍ നാഗേഷ്കറും ചേര്‍ന്ന് നല്‍കിയത് ഞങ്ങളവര്‍ക്കു കൈമാറി.

എന്തൊക്കെ നല്‍കിയാലും ജീവന്‍ മടക്കി നല്‍കാനാവില്ലല്ലോ. വാര്‍ദ്ധക്യത്തില്‍ തണലേകാന്‍, കൈപിടിക്കാന്‍ തങ്കയ്ക്ക് ഭര്‍ത്താവില്ല. ധനേഷിന് അച്ഛനെന്ന് വിളിക്കാന്‍ ദാസനിനിയില്ല. പ്രളയ ദുരന്തങ്ങള്‍ രൂപ കണക്കില്‍ കണക്കാക്കാന്‍ കഴിയാത്തതും അതുകൊണ്ടാണ്.

സാമൂഹ്യപ്രവര്‍ത്തകയും പത്ര പ്രവര്‍ത്തകയുമാണ് പത്മജ. എസ്സ്. മേനോന്‍. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ എസ്സ്. സി എസ്സ് മേനോന്‍റെ പുത്രിയാണ് ഫോണ്‍: 9447134643 email: padmajashree@gmail.com

Share

About പത്മജ എസ് മേനോൻ

View all posts by പത്മജ എസ് മേനോൻ →