ന്യൂഡല്‍ഹി : വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്യസമാജത്തിന് അധികാരമില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹ സര്‍ച്ചിഫിക്കറ്റിനുമാത്രമേ ആധികാരികതയുളളുവെന്നും സുപ്രീം കോടതി. ജസ്‌റ്റീസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാലബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിരീക്ഷണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌ത കുറ്റത്തിന് പോക്‌സോ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്‌തിരിക്കുന്ന പ്രതിയുടെ ജാമ്യാപേക്ഷപരിഗണിക്കുകയായിരുന്നു കോടതി. പെണ്‍കുട്ടി മൈനറല്ല മേജറാണെന്നും പ്രതിയുമായി വിവാഹം നടന്നുവെന്നും വിശദീകരിച്ച പ്രതിഭാഗം അഭിഭാഷകന്‍ ആര്യസമാജം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു.എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്യ സമാജത്തിന്റെ പണിയല്ലെന്നും ഉത്തരവാദിത്തപ്പെട്ട അധികൃതരുടെ ജോലിയാണതെന്നുമാണ് കോടതി പറഞ്ഞത് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റാണ് കോടതിയില്‍ ഹാജരാക്കേണ്ടതെന്നും വ്യക്തമാക്കി.
ആര്യ സമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യ പ്രതിനിധി സഭക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലുളള കാര്യവും ബെഞ്ച് പരാമര്‍ശിച്ചു. ഹൈക്കോതി വിധി സ്‌റ്റേ ചെയ്‌ത് ജസ്‌റ്റീസ് കെ.എം ജോസഫ്, ജസ്റ്റീസ് ഋഷികേശ് റോയി എന്നിവരുള്‍പ്പെട്ട ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു. ഈയിടെ ഉത്തരപ്രദേശില്‍ ആര്യസമാജ് ക്ഷേത്രത്തില്‍ മുഖ്യന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.

