കാടുകണ്ട്, സന്ദര്‍ശകരോട് കുശലം പറഞ്ഞ് വനം മന്ത്രി

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാണാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശകര്‍ക്കൊപ്പം ചെലവിട്ടത് ഒരു മണിക്കൂറിലേറെ. വനം വകുപ്പ് തയ്യാറാക്കിയ കാടിന്റെ ചെറുപതിപ്പ് സന്ദര്‍ശിച്ച മന്ത്രി വന്യജീവികളുടെ രൂപങ്ങള്‍ക്കൊപ്പം നിന്ന് വന്യതയുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ മറന്നില്ല. സ്റ്റാളിലെ പ്രദര്‍ശനവും വിപണനവും വിശദമായി നിരീക്ഷിച്ച മന്ത്രി പാമ്പുപിടുത്തക്കാരിയും ഫോറസ്റ്റ് ജീവനക്കാരിയുമായ റോഷിണിയോട് സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ചും പാമ്പുപിടുത്തത്തിന് ഉപയോഗിക്കുന്ന ഉപരകണങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

വിപണന സ്റ്റാളുകളിലെത്തിയ മന്ത്രി വ്യാപാരികളോടും ജീവനക്കാരോടും സംസാരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി ഷുഗര്‍, ബിപി ലൈവ് ടെസ്റ്റുകള്‍ നടത്തുന്നിടത്തുനിന്ന് കോട്ടൂര്‍ ജി.വി.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ ആതിര, കിരണ്‍ എന്നിവരുടെ ക്ഷണവും മന്ത്രി നിരസിച്ചില്ല. വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കുന്ന റോബോര്‍ട്ടും ഗംഭീര സ്വീകരണവുമായി മുന്നിലുണ്ടായി.

ഐ ആന്‍ഡ് പിആര്‍ഡി ഒരുക്കിയ എന്റെ കേരളം പവലിയനും മറ്റു സ്റ്റാളുകളും സന്ദര്‍ശിച്ച ശേഷം വ്യവസായികള്‍ നല്‍കിയ സമ്മാനങ്ങളും സ്വീകരിച്ചാണ് അദ്ദേഹം മടങ്ങിയത്. മേളയില്‍ വനം വകുപ്പൊരുക്കിയിരിക്കുന്ന കാടിന്റെ ചെറുമാതൃകയ്ക്ക് പൊതുവെ നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും ഓരോ വകുപ്പിന്റെയും സ്റ്റാളുകള്‍ മികവുറ്റതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →