തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാമെന്ന് കൃത്യമായി പറയുന്നില്ല. പകരം, കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കാമെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ മാത്രമെ കള്ളിങ് അഥവാ കൊലപ്പെടുത്തൽ നടത്താവൂ എന്നതാണ് നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.
കാട്ടുപന്നിയെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാം. എന്നാൽ സ്‌ഫോടകവസ്തുക്കൾ, വൈദ്യുതി ഷോക്ക് എന്നിവ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ അവയെ വെടിവെച്ചു കൊലപ്പെടുത്താൻ, അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിക്കൊണ്ടുള്ള തീരുമാനമെടുത്തത് . തദ്ദേശ സ്ഥാപനങ്ങളിലെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാർക്കാണ് ഇതിനുള്ള ഉത്തരവാദിത്തം.
കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിലാണ് നടപടികൾ എടുക്കേണ്ടതെന്നും പറയുന്നു. ഇതിന്റെ വിശദമായ മാർഗരേഖയാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. വിഷം, സ്‌ഫോടകവസ്തുക്കൾ, വൈദ്യുതി ഷോക്ക് എന്നിവ ഉപയോഗിച്ച് കാട്ടുപന്നിയെ കൊല്ലാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. കൊല്ലുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

