തൃശ്ശൂർ: ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല പടരുന്നു. ഇതുവരെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. മുപ്പതോളം പേർക്ക് ലക്ഷണങ്ങളും ഉണ്ട്. വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളാണ് വിദ്യാർഥികൾക്ക് ഉള്ളത്. ഹോസ്റ്റൽ അടച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതർ ഹോസ്റ്റൽ സന്ദർശിച്ചിരുന്നു. എത്ര പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രോഗം പടർന്നിട്ടും അധികൃതർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്.
പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കുക, പഴകിയ ഭക്ഷണം, മലിനജലം, ഷിഗല്ല അണു ബാധിതരുമായി അടുത്തിടപഴകുക, രോഗമുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക, തുടങ്ങിയവയിലൂടെ ഷിഗല്ലോസിസ് പകരും. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങൾ. രണ്ടു മുതൽ ഏഴു വരെ ദിവസം രോഗലക്ഷണങ്ങൾ കാണാം. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഭക്ഷണത്തിനു മുൻപും, മലവിസർജന ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ ഡയപ്പർ ശരിയായ വിധം സംസ്കരിക്കുക, രോഗലക്ഷണം ഉള്ളവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക, രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ ഈ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും. രോഗലക്ഷണം ഉള്ളവർ ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.

