നടിയെ ആക്രമിച്ച കേസ് : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. നടിയും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്ക് ഒപ്പമാണ് അതിജീവിത സെക്രട്ടേറിയേറ്റിൽ എത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്ന് ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. അദ്ദേഹം തന്ന ഉറപ്പിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണ്ണമായും വിശ്വസിക്കുന്നു അതിജീവിത പറഞ്ഞു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ആശങ്കകൾ മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അതിജീവിത പറഞ്ഞു. സർക്കാരിനെതിരെ ഒന്നും പറയാൻ താൻ ഉദ്ദേശിച്ചിട്ടില്ല. എന്നിട്ടും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതില്‍ ഞാൻ ക്ഷമ ചോദിക്കുന്നു എന്നും അതിജീവിത വ്യക്തമാക്കി. മൂന്നു പേജുള്ള പരാതിയാണ് അതിജീവിത മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്തെങ്കിലും ബാഹ്യ താല്പര്യങ്ങൾക്ക് വഴങ്ങിയില്ല ഹർജി നൽകിയതെന്ന് അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.

പോരാടാൻ തയ്യാറല്ലായിരുന്നെങ്കിൽ മുമ്പെ വിട്ടു പോകുമായിരുന്നു എന്നും അതിജീവിത വ്യക്തമാക്കി. തുടരന്വേഷണം നിർത്തരുത് , കേസിൽ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം, സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നുമാണ് നിവേദനത്തിൽ പറയുന്നത്. അതിജീവിത യുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഡി ജി പി യെ അടിയന്തരമായി വിളിച്ചുവരുത്തി.

Share
അഭിപ്രായം എഴുതാം