ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകളെ ഏകോപിപ്പിച്ച് രജിസ്ട്രേഷന് ഡ്രൈവ് നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം ഈ മാസം 31 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ശയ്യാവലംബരായവരെ കണ്ടെത്തി യുവജനക്ഷേമബോര്‍ഡ് പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ നേരിട്ടെത്തി രജിസ്ട്രേഷന് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ, വനിതാ ശിശു വികസനം, ആരോഗ്യം എന്നീ വകുപ്പുകള്‍ സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കുന്നതിന് https://swavlambancard.gov.in/ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പഞ്ചായത്തുകളില്‍ ഇതുവരെ കാര്‍ഡിന് അപേക്ഷിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാര്‍ മേയ് 31 നകം അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട നിര്‍ദേശം പഞ്ചായത്ത്, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകള്‍ നല്‍കണം.
സ്കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിദ്യഭ്യാസ ഉപഡയറക്ടര്‍ നടപടി സ്വീകരിക്കണം. എസ്.എസ്.എ, ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ പഠിക്കുന്ന കുട്ടികളുടെ രജിസ്ട്രേഷന് ബി.ആര്.സി ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. ജില്ലയിലെ സ്പെഷ്യല്‍ സ്കൂളുകള്‍, ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, ബഡ്സ് സ്കൂളുകള്‍, സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ നേതൃത്വം നല്‍കണം.

