കൊച്ചി : ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകളും കുട്ടികളും പരാതി നല്കിയാല് ഒരു മണിക്കൂറിനകം തുടര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പീഡനക്കേസില്‍ ഇരയായ ഒരു യുവതി, അന്വേഷണ ഉദ്യോഗസ്ഥന് കേസ് അട്ടിറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഇടക്കാല ഉത്തരവ് നല്‍കിയത്.
പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പരുണ്ടാവുകയാണ് ആദ്യം വേണ്ടെതന്നും നിലവിലുളള നടപടികള്‍ പലതും കടലാസില്‍ ഉറങ്ങുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പീഡന കേസിലെ ഇരകള്‍ക്ക് പരാതിപ്പെടാനുളള 112 എന്ന ടോള്‍ഫ്രീ നമ്പരിന് പ്രചാരണം നല്‍കണം. പോലീസിന്റെ ടോള്‍ഫ്രീ നമ്പരായ 100 ലേക്കോ,112ലേക്കോ ഇത്തരം പരാതി ലഭിച്ചാലുടന്‍ അത് രജിസ്റ്റര്‍ ചെയ്യണം. പരാതി നല്‍കാനും പരാതികളിലെ തുടര്‍ നടപടികള്‍ക്കും വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി നല്കി. ഹര്‍ജി 2022 ജൂണ്‍ 8ന് പരിഗണിക്കാന്‍ മാറ്റി.
പരാതി ലഭിച്ചാലുടന്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കോ കണ്ട്രോള് റൂമിലേക്കോ കൈമാറണം. ടോള്‍ഫ്രീ നമ്പരിലേക്കുളള കാളുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. പരാതി ലഭിച്ചാല്‍ ഒരുമണിക്കൂറിനുളളില്‍ ഇരയെ നേരിട്ടോ ഫോണിലോ പോലീസ് ബന്ധപ്പെടണം. ഇരയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തരുത്. ചുമതലയുളള ഉദ്യോഗസ്ഥന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇരയുടെ വീട്ടിലോ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തോ വച്ച് മൊഴി രേഖപ്പെടുത്തണം. മൊഴിയെടുക്കുമ്പോള്‍ മാതാപിതാക്കളുടെയോ, ഉറ്റബന്ധുവിന്റെയോ, സാമൂഹ്യ പ്രവര്‍ത്തകരുടെയോ സാന്നിദ്ധ്യം വേണം.
ഇരയ്ക്കു പിന്തുണയും സംരക്ഷണവും ഉറപ്പാക്കാന്‍ 24 മണിക്കൂറിനകം വിക്ടിം ലെയ്സണ്‍ ഓഫീസറെ ചുമതലപ്പെടുത്തണം. ഇരയുടെ മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ വിക്ടിം റൈറ്റിന്റെയോ വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്ററിന്റെയോ നമ്പര്‍ നല്‍കണം. ഇരകള്‍ക്ക് ഈ സെന്ററുകളില്‍ 24 മണിക്കൂറും ബന്ധപ്പെടാന്‍ സൗകര്യമുണ്ടാക്കണം. ഇത്തരം സെന്ററുകള്‍ ആവശ്യമെങ്കില്‍ നിയമ സഹായവും നല്‍കണം. വിചാരണ പൂര്‍ത്തിയാകും വരെ ഇത്തരം സഹായങ്ങള്‍ തുടരണം എന്നിവയാണ് കോടതിയുടെ മറ്റുനിര്‍ദ്ദേശങ്ങള്‍.

