മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍. പ്രതികൂല ആഗോള ഘടകങ്ങളുടേയും യുഎസ് ഡോളറിനെതിരായ രൂപയുടെ റെക്കോഡ് മൂല്യത്തകര്‍ച്ചയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഐടി, ധനകാര്യ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് കനത്ത നഷ്ടത്തിലേക്ക് വീഴാതെ വിപണിയെ പിടിച്ചുനിര്‍ത്തിയത്.വ്യാപാരത്തിന്റെ തുടക്കത്തില്‍ ചുവപ്പിലേക്ക് വീണ സെന്‍സെക്സ് ഉച്ചയോടെ കരകയറുകയായിരുന്നു. ഒടുവില്‍ സെന്‍സെക്സ് 364.91 പോയിന്റ് താഴ്ന്ന് 54,470.67ലും നിഫ്റ്റി 109.40 പോയിന്റ് നഷ്ടത്തില്‍ 16,301.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് കനത്ത തകര്‍ച്ച നേരിട്ടത്. ഓഹരി വില നാലു ശതമാനമാണ് ഇടിഞ്ഞത്. പ്രതീക്ഷിച്ച അറ്റാദായം കമ്പനിക്ക് നേടാനാകാത്തതാണ് റിലയന്‍സിന്റെ ഓഹരി ഇടിയാന്‍ കാരണം.നെസ്ലെ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവ മൂന്നുശതമാനം നഷ്ടംനേരിട്ടു. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എസ.ബി.ഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐ.ടി.സി., ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
പവര്‍ഗ്രിഡ് കോര്‍പ്, എച്ച്.സി.എല്‍. ടെക്, ഇന്‍ഫോസിസ്, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, എച്ച്.ഡി.എഫ്.സി. തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.സെക്ടറല്‍ സൂചികകളില്‍ എനര്‍ജിയും പവറും രണ്ടുശതമാനം താഴ്ന്നു. എഫ്.എം.സി.ജി, മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകളും നഷ്ടത്തിലായി. ഐടി, ടെലികോം സൂചികകള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. വിശാല വിപണിയില്‍ ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 1.5ശതമാനം നഷ്ടം രേഖപ്പെടുത്തി.ആഭ്യന്തര ഓഹരി വിപണി നഷ്ടത്തില്‍ തുടര്‍ന്നപ്പോള്‍ ആറ് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. നിറ്റ ജെലാറ്റിന്റെ ഓഹരി വില 18 ശതമാനം ഉയര്‍ന്നു.റബ്ഫില ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം, സി.എസ്.ബി. ബാങ്കിന്റെ ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്സ്പിന്‍ ഇന്ത്യ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട കേരള കമ്പനികള്‍.