മുംബൈ: രാജ്യത്തു കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്തി. ആര്‍.ബി.ഐയുടെ ധനനയ സമിതിയുടെ പ്രത്യേക യോഗത്തിലാണ് നിരക്കുയര്‍ത്താനുള്ള അപ്രതീക്ഷിത തീരുമാനം. നാലു വര്‍ഷത്തിനിടെ രാജ്യത്ത് ആദ്യമായാണ് പലിശ നിരക്ക് കൂട്ടുന്നത്. വാഹന, ഭവന വായ്പകളുടെയും കോര്‍പറേറ്റ് വായ്പകളുടെയും പലിശനിരക്ക് ഉയരുന്നത് വായ്പക്കാര്‍ക്കു ഭാരമേറ്റും. പലിശ വര്‍ധന നിക്ഷേപകര്‍ക്കു ഗുണകരമാകും.വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോയും വാണിജ്യബാങ്കുകളില്‍നിന്നു റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന വായ്പയുടെ പലിശനിരക്കായ റിവേഴ്സ് റിപ്പോയും 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40% ആക്കി. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കേണ്ട കാഷ് റിസര്‍വ് റേഷ്യോ (സി.ആര്‍.ആര്‍) 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു.
ഉയരുന്ന പണപ്പെരുപ്പം, സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന ക്രൂഡോയില്‍ വില, അവശ്യവസ്തുക്കള്‍ക്ക് ആഗോളതലത്തില്‍ നേരിടുന്ന ക്ഷാമം എന്നിവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതം കണക്കിലെടുത്താണ് തീരുമാനമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരാനായിരുന്നു കഴിഞ്ഞ മാസത്തെ പതിവ് ധനനയ അവലോകന യോഗത്തില്‍ ആര്‍.ബി.ഐയുടെ തീരുമാനം. പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്തുന്നതിലുപരി സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് പ്രാമുഖ്യം നല്‍കുന്ന നടപടിയായാണ് അതു വിലയിരുത്തപ്പെട്ടത്. തീര്‍ത്തും അപ്രതീക്ഷിതമായാണു റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഈ മാസം രണ്ടു മുതല്‍ നാലു വരെ പ്രത്യേക യോഗം ചേര്‍ന്ന് നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് പലിശ നിരക്കു കൂട്ടുന്നത്. 2020 മേയില്‍ കോവിഡ് കാലത്തു നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു.രാജ്യത്ത് ഗോതമ്പ് ആവശ്യത്തിനുണ്ടെങ്കിലും യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ വിലവര്‍ധന ഗോതമ്പിന്റെ ആഭ്യന്തര വിപണിയെ ബാധിക്കുന്നുണ്ടെന്നും ഇതു പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഉത്പാദക രാജ്യങ്ങള്‍ കയറ്റുമതി നിരോധിച്ചതോടെ ഭക്ഷ്യ എണ്ണയുടെ വില കുതിച്ചുയര്‍ന്നു. മാര്‍ച്ചില്‍ ഏഴു ശതമാനത്തിലെത്തിയ പണപ്പെരുപ്പം 2-4 ശതമാനം എന്ന നിലയിലെത്തിക്കണമെന്ന ലക്ഷ്യം തുടര്‍ച്ചയായ മൂന്നു മാസമായി വിപരീതഗതിയിലാണ്.

