ന്യൂഡല്‍ഹി: പൗരന്മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേലിന്റെ പെഗാസസ് ചാര സോഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രിംകോടതി രൂപീകരിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി. സുപ്രിംകോടതി സെക്രട്ടറി ജനറലാണ് വിദഗ്ധ സമിതിക്ക് വേണ്ടി വിശദാംശങ്ങള്‍ ആരാഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന പോലിസ് മേധാവിമാര്‍ക്ക് കത്ത് നല്‍കിയത്. ഇന്റലിജന്‍സ് ഏജന്‍സികളോ, മറ്റ് ഏതേങ്കിലും ഏജന്‍സികളോ പൗരന്മാരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്വെയര്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആര് അനുമതി നല്‍കിയെന്ന് അറിയിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഏത് വിഭാഗത്തില്‍ പെട്ട സോഫ്റ്റ്വെയര്‍ ആണ് വാങ്ങിയതെന്നും, എത്ര ലൈസന്‍സ് കരസ്ഥമാക്കിയെന്നും അറിയിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ ചോദ്യാവലി കേന്ദ്ര സര്‍ക്കാരിനും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ചന്ദ്ര ബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പെഗാസസ് വാങ്ങിയിരുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വെളിപ്പെടുത്തിയിരുന്നു. പെഗാസസ് നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നുവെങ്കിലും ബംഗാള്‍ ചാര സോഫ്റ്റ്വെയര്‍ വാങ്ങിയിരുന്നില്ലെന്ന് മമത ബാനര്‍ജി വെളിപെടുത്തിയിരുന്നു.
പെഗാസസ് സാഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി സമിതി
