കുടുംബപ്രേക്ഷകര്‍ക്ക് ഒരു പിടി മികച്ച സിനിമകള്‍ സമ്മാനിച്ച ജയറാം- സത്യന് അന്തിക്കാട് കൂട്ടുകെട്ടിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒരുങ്ങുന്ന ചിത്രമാണ് മകൾ. മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ മീരാജാസ്മിന് വീണ്ടും അഭിനയ രംഗത്ത് സജീവമാക്കാന്‍ ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ക്ക് കുടുംബസമേതം തിയറ്ററില്‍ പോയി ചിരിച്ചു, ഹൃദയം നിറഞ്ഞു മടങ്ങാവുന്ന ഒരു കൊച്ചുസിനിമയാണ് മകള്‍ എന്നാണ് സത്യന് അന്തിക്കാട് ചിത്രത്തെ വിശേഷിപ്പിച്ചത്.
സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലത്ത് പാരന്റിങ് സങ്കീര്‍ണമായ ഒരു തലവേദനയായി മാറുകയാണ്. പ്രത്യേകിച്ച് മൊബൈലും സോഷ്യല്‍ മീഡിയയും കൗമാരക്കാര്‍ അനുഭവിക്കുന്ന ശാരീരിക-മാനസികപരിണാമങ്ങളും സ്വത്വപ്രതിസന്ധിയുമെല്ലാം പലരിലും റിബലായ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈയൊരു വിഷയത്തെ അഭിസംബോധന ചെയ്യുന്നു എന്നതാണ് മകള്‍ എന്ന സിനിമയെ ഈ കാലഘട്ടത്തില്‍ പ്രസക്തമാകുന്നത്.
മക്കള്‍ക്ക് മാതാപിതാക്കളെയും അവര്‍ക്ക് തിരിച്ച് മക്കളുടെ പ്രശ്നങ്ങളും മനസ്സിലാക്കാനുള്ള ഒരു അവസരം കൂടിയാകും ഈ ചിത്രം
രണ്ടു മതങ്ങളില്‍നിന്ന് വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് വിവാഹിതരായവരാണ് നന്ദനും ജൂലിയറ്റും. അവര്‍ക്കൊരു മകള്‍. അപ്പു എന്നുവിളിക്കുന്ന അപര്‍ണ. നന്ദന് ദീര്‍ഘകാലമായി പ്രവാസിയാണ്. നാട്ടില്‍ ഭാര്യയും ടീനേജുകാരി മകളും മാത്രം.
അങ്ങനെയിരിക്കെ ജോലി നഷ്ടമായി നന്ദന് മടങ്ങിയെത്തുന്നതോടെ ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നുനടന്ന കൗമാരക്കാരിയായ മകളുടെ സ്വതന്ത്ര ലോകത്തില്‍ ചെറിയ വിലക്കുകളുടെ കടിഞ്ഞാണ്‍ മുറുകുന്നതും തുടര്‍ന്ന് അച്ഛനും മകള്ക്കുമിടയിലുണ്ടാകുന്ന പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമൊക്കെയാണ ചിത്രം പറയുന്നത്.
രണ്ടാം പകുതിയില്‍ അവരുടെ ജീവിതത്തിലേക്ക് യാദൃച്ഛികമായി ഒരു അതിഥിയെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളിലൂടെയാണ് ചിത്രം പര്യവസാനിക്കുന്നത്.
ഒരുപിടി ഹൃദയഹാരിയായ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ എസ്. കുമാര്‍ വീണ്ടും മകളില്‍ ക്യാമറ ചലിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥാപശ്ചാത്തലം കൊച്ചി ആയതുകൊണ്ട് സത്യന് അന്തിക്കാട് ചിത്രങ്ങളിലെ പതിവ് നാട്ടിന്‍പുറത്തിന്റെ ഭംഗിയുള്ള വിഷ്വല്‍സ് കുറവാണ്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചതാണ് എന്നാണ് പ്രേക്ഷക പ്രതികരണം

