കൊച്ചി : പമ്പാ-ത്രിവേണി മേഖലയില്‍ 2018ലെ പ്രളയത്തെതുടര്‍ന്ന് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്താനുളള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. പമ്പാ ത്രിവേണി മേഖലയില്‍ അടിഞ്ഞുകൂടിയ മണ്ണ്, ചെളി,പ്ലാസ്റ്റിക്ക്, തുണിമാലിന്യങ്ങല് സൗജന്യമായി നീക്കം ചെയ്യാന്‍ കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക്സ് പ്രോഡക്ടിന് അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ പമ്പ നദിയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ഭാവിയില്‍ പ്രളയ സാധ്യത ഒഴിവാക്കാനുമാണ് കളക്ടര്‍ നടപടിസ്വീകരിച്ചതെന്ന് വിലയിരുത്തിയ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. എന്നാല്‍ ഇതേ ആരോപണം ഉന്നയിച്ച് പിബി നൂഹ് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട്സ് എംഡി എന്നിവര്‍ക്കെതിരെ രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണം നിരസിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ അതേ വിഷയത്തില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്ക് അധികാരമില്ലെന്ന് ജസറ്റീസ് സുനില്‍ തോമസ് വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുളള അവകാശം നിലനിര്‍ത്തിയിട്ടുണ്ട്.

