ന്യൂഡല്‍ഹി: രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും 2024-ലെ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാനും ലക്ഷ്യമിട്ട് കര്‍മസമിതികള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കാനുമായി അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പുരില്‍ ത്രിദിന ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കാനും ഡല്‍ഹിയില്‍ പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായി.തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും അതു സ്വീകരിക്കുന്ന കാര്യം സസ്പെന്‍സിലാണ്. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത അവസാനിച്ചിട്ടുമില്ല. മേയ് 13 മുതല്‍ 15 വരെ നടത്തുന്ന നവസങ്കല്‍പ്പ് ചിന്തന്‍ ശിബിര്‍ ചര്‍ച്ചയ്ക്കു മുന്നോടിയായി ആറു വിഷയങ്ങളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രത്യേകം സമിതികളെ ചുമതലപ്പെടുത്തി.
രാഷ്ട്രീയ കമ്മിറ്റിക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതൃത്വം നല്‍കും. കാര്‍ഷിക സമിതിയെ ഭൂപേന്ദ്ര സിങ് ഹൂഡ നയിക്കും. സാമ്പത്തിക സമിതിയെ പി. ചിദംബരവും സാമൂഹിക ശാക്തീകരണ കമ്മിറ്റിയെ സല്‍മാന്‍ ഖുര്‍ഷിദും നയിക്കും. സംഘടനാ കാര്യങ്ങളുടെ ഏകോപന സമിതി മുകുള്‍ വാസ്നിക്കിന്റെ ചുമതലയിലാണ്. സംഘടനയില്‍ കൂട്ടായ നേതൃത്വവും സമഗ്ര അഴിച്ചുപണിയും വേണമെന്നു വാദിച്ച് നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ ജി-23 നേതാക്കളെ ഉള്‍ക്കൊള്ളാനും സോണിയ തയാറായി. ഇക്കൂട്ടത്തിലുള്ള ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ വിവിധ സമിതികളിലുണ്ടാകും. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള നേതാക്കള്‍ ചിന്തന്‍ ശിബിറില്‍ പങ്കെടുക്കും. കര്‍മസമിതികള്‍ക്കു സോണിയാ ഗാന്ധി രൂപം നല്‍കും. തീരുമാനമാകുമ്പോള്‍ പ്രഖ്യാപിക്കും എന്നു മാത്രമായിരുന്നു പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ മറുപടി.
അതേസമയം, ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത അവസാനിച്ചിട്ടില്ല. രാഷ്ട്രീയ ശത്രുവായ കെ. ചന്ദ്രശേഖര്‍ റാവുവുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയതിലെ അതൃപ്തി പ്രമുഖ നേതാവായ മാണിക്കം ടാഗോര്‍ തുറന്നടിച്ചു. ശത്രുവുമായി സൗഹൃദം പുലര്‍ത്തുന്നവരെ വിശ്വസിക്കരുതെന്നു മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തു. പ്രശാന്ത് കിഷോര്‍ രൂപവത്കരിച്ച ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്ക്) ടി.ആര്‍.എസുമായി കരാറൊപ്പിട്ടതാണു പ്രകോപനത്തിനു കാരണം.പ്രിയങ്കാ ഗാന്ധി വാധ്ര, അംബികാ സോണി തുടങ്ങിയവര്‍ പ്രശാന്ത് കിഷോറിന് അനുകൂലമായും ദിഗ്വിജയ് സിങ്, രണ്‍ദീപ് സുര്‍ജേവാല, ജയ്റാം രമേശ്, മുകുള്‍ വാസ്നിക് തുടങ്ങിയവര്‍ എതിരായും നിലപാടെടുത്തു. അന്തിമതീരുമാനം സോണിയയ്ക്കു വിട്ടു.