ന്യൂയോര്‍ക്ക്: യുക്രൈന് യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന് ഭൗതിക പിന്തുണ നല്കിയാല് ചൈനയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. അതേസമയം ആയുധങ്ങള്‍ക്കായി ഇന്ത്യക്ക് റഷ്യയെ ആശ്രയിക്കേണ്ടിവരുന്നത് അവസാനിപ്പിക്കാന്‍ സഹായിക്കാമെന്നും അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്മാന് ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. റഷ്യ നടത്തുന്ന വ്യാജവാര്‍ത്ത ക്യാമ്പയിനെ വലുതാക്കുന്ന നടപടി ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നും വെന്‍ഡി ഷെര്മാന് പറഞ്ഞു. റഷ്യയുടെ സൈനിക വ്യവസായ സംവിധാനത്തെ തങ്ങളുടെ ഉപരോധങ്ങള്‍ തളര്‍ത്തിയതിനാല്‍ റഷ്യന്‍ ആയുധങ്ങളെ ആശ്രയിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് റഷ്യന്‍ ആയുധങ്ങളുമായി ഭാവിയില്ലെന്ന് ഇന്ത്യ മനസിലാക്കിയിട്ടുണ്ടെന്ന് ഷെര്മാന് ചൂണ്ടിക്കാട്ടി. റഷ്യയുമായുള്ള ശാക്തിക സഹകരണം ശക്തമാക്കുമെന്ന് ചൈന ഈയാഴ്ച വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സേന യുക്രൈനില്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്ക്കെതിരേ ആശങ്കകള്‍ വളരുമ്പോളും റഷ്യ-ചൈന ബന്ധം ശക്തമാകുന്നുവെന്നതിന്റെ സൂചനകളാണിത്. അതേസമയം പരമാധികാരം ചൂണ്ടിക്കാട്ടി ചൈനീസ് സര്‍ക്കാര്‍ യു.എസ്. ഉപരോധങ്ങളെ എതിര്‍ക്കുമ്പോള്‍ ചൈനീസ് കമ്പനികള്‍ ഈ ഉപരോധങ്ങളുമായി സഹകരിക്കുന്നുണ്ട്.
റഷ്യയെ സഹായിച്ചാല്‍ ചൈനയെ ഉപരോധിക്കുമെന്നു യു.എസ്.
