മേലൂര്‍ : മേലൂര്‍ പഞ്ചായത്തിലെ കോവിലകം കടവ് ഭാഗത്ത് ചാലക്കുടി പുഴയോരത്തെ മണ്ണ് നീക്കുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്ക. മണ്ണ് നീക്കല്‍ ആരംഭിച്ചതോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നതായി നാട്ടുകാര്‍ പറയുന്നു. അതേതുടര്ന്ന് പുഴയോരത്തെ മണ്ണുനീക്കല്‍ നാട്ടുകാര്‍ തടഞ്ഞതോടെ പഞ്ചായത്ത പ്രസിഡന്റും വാര്‍ഡ് അംഗവും സ്ഥലത്തെത്തി. മണ്‍തിട്ടകള്‍ ഇല്ലാതാകുമ്പോള്‍ മഴക്കാലത്ത് കര ഇടിയാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതി വാദികള്‍ ഉള്‍പ്പെടയുളള പ്രതിഷേധക്കാര്‍ പറയുന്നു.
വെളളപ്പൊക്കം ഒഴിവാക്കാനെന്ന പേരില്‍ എല്ലാ പുഴകളില്‍ നിന്നും മണ്ണും മണലും നീക്കം ചെയ്യുന്നത് ആവശ്യമായ ശാസ്ത്രീയ പഠനങ്ങളില്ലാതെയാണെന്നും ദുരന്ത നിവാരണത്തിന്റെ പേര് പറഞ്ഞ് ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
2018ലെയും 19ലെയും പ്രളയത്തെ തുടര്‍ന്ന് ചാലക്കുടി പുഴയോരത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണ് നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്.

