പൂനെ: 47 കോടി രൂപയുടെ കള്ളനോട്ട് പൂനയില്‍നിന്നു പിടികൂടി. പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികനടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. വ്യാജ വിദേശ കറന്‍സിക്കൊപ്പം മൂന്നുലക്ഷം രൂപയുടെ യഥാര്‍ഥ കറന്‍സിയും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത തോക്കുകളും അറസ്റ്റിലായവരുടെ പക്കലുണ്ടായിരുന്നു. കസ്റ്റഡിയിലായ സൈനികനെ പൂനെയിലെ ഒരു സൈനിക കേന്ദ്രത്തിലേക്കു മാറ്റി.
കള്ളനോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. സതേണ്‍ കമാന്‍ഡ് ലെയിസണ്‍ യൂണിറ്റും മിലിട്ടറി ഇന്റലിജന്‍സും പൂനെ സിറ്റി പൊലീസിലെ ക്രൈംബ്രാഞ്ചും നടത്തിയ സംയുക്ത റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ സൈനികന്‍ കള്ളനോട്ട് സംഘത്തിന്റെ ഭാഗമെന്നാണ് പ്രാഥമിക വിവരം. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയുമാണ് പിടിച്ചെടുത്തവയില്‍ ഏറെയും. വ്യാജ അമേരിക്കന്‍ ഡോളര്‍, രഹസ്യ കാമറകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജരേഖകള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.

