സഹോദരങ്ങള്‍ മുങ്ങി മരിച്ചു

നാദാപുരം: വിലങ്ങാട്‌ കെട്ടില്‍ കോളനിക്കുസമീപത്തെ കൂടല്ലൂര്‍ കയത്തില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. വിലങ്ങാട്‌ ഊരുട്ടി പമ്പ്‌ ഹൗസിന്‌ സമീപത്താണ്‌ അപകടം നടന്നത്‌. ആലപ്പാട്‌ സാബുവിന്റെ മകള്‍ ആഷ്‌മില്‍ സാബു(14), കുവ്വത്തോട്‌ പരേതനായ പേപ്പച്ചന്റെ മകന്‍ ഹൃദിന്‍ കെ പേപ്പച്ചന്‍ (22) എന്നിവരാണ്‌ മരിച്ചത്‌. വിലങ്ങാട്‌ സെന്റ് ജോര്‍ജ്‌ ഹൈസ്‌കൂള്‍ 9-ാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ആഷ്‌മില്‍. ഹൃദിന്‍ സി.എ ബിരുദധാരിയും ബാംഗളുരുവില്‍ ജീവനക്കാരനുമാണ്‌. ഹൃദിന്റെ സഹോദരി ഹൃദ്യ(18)യെ നാട്ടുകാര്‍ രക്ഷപെടുത്തി. മരിച്ച ആഷ്‌മിലിന്റെ മാതാവ്‌ മഞ്ചുവിന്റെ സഹോദരി മെര്‍ലിന്റെ മക്കളാണ്‌ ഹൃദിനും ഹൃദ്യയും.

മെര്‍ലിനും മക്കളും 2022 ഏപ്രില്‍ 15 വെളളയാഴ്‌ചയാണ്‌ വിലങ്ങാടെത്തിയത്‌. ശനിയാഴ്‌ച രാവിലെ പതിനൊന്നരയോടെ കൂടല്ലൂര്‍ കയത്തിലിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെ ആഷ്‌മില്‍ കാല്‍ വഴുതി വെളളത്തില്‍ വീഴുകയും രക്ഷിക്കാനുളള ശ്രമത്തിനിടെ ഹൃദ്യയും വെളളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മെര്‍ലിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഹൃദിന്‍ ഇവരെ രക്ഷിക്കാന്‍ വെളളത്തിലേക്ക്‌ ചാടി. ഇതിനിടെ മൂന്നുപേരും ചെളിയില്‍ അകപ്പെട്ടു. പുഴക്കുസമീപമുണ്ടായിരുന്ന മഞ്ചു ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ആദ്യം ഹൃദ്യയെയും തുടര്‍ന്ന്‌ ആഷ്‌മില്‍, ഹൃദിന്‍ എന്നിവരെയും പുഴയില്‍ നിന്ന്‌ പുറത്തെടുത്ത്‌ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലത്തിച്ചെങ്കിലും ആഷ്‌മിലും ഹൃദിനും മരിച്ചു.

ആഷ്‌മിലിന്റെ പിതാവ്‌ സാബു വിലങ്ങനാട്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്ടറും മാതാവ്‌ വിലങ്ങാട്‌ ആശുപത്രിയിലെ നഴ്‌സുമാണ്‌. അമീഷ സാബു, എയ്‌മിന്‍ സാബു എന്നിവര്‍ ആഷ്‌മിലിന്റെ സഹോദരങ്ങളാണ്‌. സംസ്‌കാരം ഏപ്രില്‍ 17ന്‌ വിലങ്ങാട്‌ സെന്റ് ജോര്‍ജ്‌ സെമിത്തേരിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →