കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. അന്തരിച്ച എം.എൽ.എ. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി ചർച്ചനടത്തി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് ഉമാ തോമസിനെ വീട്ടിലെത്തി സന്ദർശിച്ചത്.
അതേസമയം, ഇത് വെറുമൊരു സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ച തുടങ്ങിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ കരുത്തുറ്റ സ്ഥാനാർഥി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമാ തോമസിനെ സന്ദർശിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ എറണാകുളം ഡി.സി.സി. ഓഫീസിൽ യോഗം ചേർന്നിട്ടുണ്ട്. തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയം ഈ യോഗത്തിലും ചർച്ചയാകുമെന്നാണ് സൂചന.
തൃക്കാക്കരയിൽ ഉമാ തോമസിനെ തന്നെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇക്കാര്യത്തിൽ അവരുടെ താത്പര്യം അറിയുക എന്നതടക്കമുള്ള കാര്യങ്ങളാണ് തിങ്കളാഴ്ചയിലെ സന്ദർശനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന. ഉമാ തോമസിനെ മത്സരിപ്പിച്ചാൽ തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ.
മറ്റു എതിർപ്പുകളുണ്ടായില്ലെങ്കിൽ ഉമാ തോമസ് തന്നെ തൃക്കാക്കരയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായേക്കും. അതേസമയം, വി.ടി. ബൽറാം അടക്കമുള്ള യുവനേതാക്കളുടെ പേരുകളും കോൺഗ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം

