കൊല്ലം: കൊല്ലം കൊട്ടാരക്കര പുത്തൂരിൽ ഓവർ ടേക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കൂട്ടത്തല്ലിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുത്തൂരിൽ 2022 ഏപ്രിൽ 11ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും യാത്ര ചെയ്ത കാർ ഒരു ബൈക്കിനെ ഓവർ ടേക്ക് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ബൈക്കിൽ സഞ്ചരിച്ചിരുന്ന ജിബിൻ, ജിനു ജോൺ എന്നീ യുവാക്കൾ കാറിനെ പിന്തുടർന്ന് ചീത്തവിളിക്കുകയും കയ്യിലുണ്ടായിരുന്ന കമ്പി കൊണ്ട് കാറിൽ അടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. പുത്തൂർ ജംഗ്ഷനിൽ വാഹനം നിർത്തി യുവാക്കളുടെ നടപടി ചോദ്യം ചെയ്ത സുഗുണനാണ് ആദ്യം മർദ്ദനമേറ്റത്. അച്ഛന് മർദ്ദനമേറ്റത് കണ്ട് മകൻ അമൽ പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ കൂട്ടത്തല്ലായി. അമലിന്റെ തല യുവാക്കളിലൊരാൾ ഹെൽമറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു.
സംഘർഷത്തിന് ഇടയിൽ പെട്ട സുഗുണന്റെ ഭാര്യ പ്രിയയ്ക്കും പരുക്കേറ്റു. അമൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികരായ യുവാക്കൾക്കെതിരെ കേസെടുക്കുമെന്ന് പുത്തൂർ പൊലീസ് അറിയിച്ചു

