തിരുവനന്തപുരം: ‘കാക്കിക്കുള്ളില്‍ കലാകാരന്’ മാത്രമല്ല കനിവുള്ളവരുമുണ്ടെന്ന് തിരുവനന്തപുരത്തുനിന്ന് ഒരു ദൃഷ്ടാന്തം. മക്കള്‍ പട്ടിണിയിലായതിനാല്‍ 2000 രൂപ കടംതന്നു സഹായിക്കണമെന്ന് അപേക്ഷയുമായി എത്തിയ കുടുംബത്തിന് പൊലീസ് പണവും സമ്മാനങ്ങളും വാങ്ങിനല്‍കി വീട്ടിലെത്തിച്ചു. ഭക്ഷണം കഴിക്കാന്‍പോലും പണമില്ലെന്നും 2000 രൂപ കടമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അമ്മയും രണ്ടുമക്കളും പൊലീസ് സ്റ്റേഷനിലെത്തിയത്. അവസ്ഥ മനസിലാക്കിയ പൊലീസുകാര്‍ ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും നല്‍കിയാണ് അമ്മയെയും മക്കളെയും വീട്ടില്‍ തിരിച്ചെത്തിച്ചത്. തിരുവനന്തപുരം ജില്ലയിലെ പാലോടാണ് സംഭവം.
പെരിങ്ങമലയിലാണ് ഇവര്‍ വാടകയ്ക്കു താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെ വീട്ടുജോലിയെടുത്ത് ഇവര്‍ കുടുംബം പുലര്ത്തിവരുകയായിരുന്നു. എന്നാല്‍, കൊറോണ പ്രതിസന്ധിയില്‍ അതുനിലച്ചു. അവസാനത്തെ ആശ്രയമെന്ന നിലയിലാണ് കത്തുമായി സ്റ്റേഷനിലെത്തിയത്. മക്കള്‍ നാലാം ക്ലാസിലും പ്ലസ്ടുവിലുമാണ് പഠിക്കുന്നതെന്നും വീട്ടുജോലിക്ക് പോയി പണംകിട്ടിയാലുടന് തിരികെ തരാമെന്നുമായിരുന്നു പാലോട് എസ്ഐക്ക് എഴുതിയ അപേക്ഷയില്‍ ഈ അമ്മ പറഞ്ഞത്. കത്തുവായിച്ച എസ്ഐ സതീഷ്കുമാര്‍ ഉടന്‍ 2000 രൂപ നല്കി. തൊട്ടുപിന്നാലെ പൊലീസുകാര്‍ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും വാങ്ങിനല്‍കി. അമ്മയെയും മക്കളെയും പൊലീസുകാര്‍ തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു.

