ന്യൂഡൽഹി: കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കി. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഏപ്രിൽ 21 വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് മൻസിയയുടെ നൃത്ത പരിപാടി നടത്താനിരുന്നത്. നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാൽ പിന്നീട് ജാതി ചൂണ്ടിക്കാട്ടി മൻസിയയെ ഒഴിവാക്കുകയായിരുന്നു. ഇതാദ്യമായല്ല തനിക്ക് ഇത്തരമൊരു അനുഭവമെന്നും, വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് തനിക്ക് ലഭിച്ച അവസരവും ഇതേ കാരണത്താൽ മുടങ്ങിയെന്നും മൻസിയ കുറിച്ചു.