തൃശ്ശൂർ: മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര മതിൽക്കെട്ടിനുളളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾ ക്ഷണിച്ചത്. പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും ഭരണസമിതി അറിയിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി.പിയെ ഒഴിവാക്കിയെന്ന വാർത്ത പുറത്ത് വരുന്നത് ഞായറാഴ്ചയാണ്. ‘അഹിന്ദു’ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മൻസിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.