പാഴ്‌വസ്തുക്കളില്‍ നിന്നും വരുമാനം; നൂതന സംരംഭകത്വ പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

പാഴ്‌വസ്തുക്കളില്‍ നിന്നും വരുമാനദായകമായ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കാനുള്ള സംരംഭക ക്യാമ്പയിനുമായി ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും. പാഴ്‌വസ്തുക്കളില്‍ നിന്ന് ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്നതിന് താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും നല്‍കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ എഞ്ചിനീയറിങ്ങ് കോളേജുകള്‍, ഐടിഐകള്‍, പോളിടെക്‌നിക്കുകള്‍, എന്‍ടിടിഎഫ് തലശേരി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിനും പരിശീലനവും നടത്തുക. ഉല്‍പന്ന നിര്‍മാണത്തിന് താല്‍പര്യമുള്ളവരെയെല്ലാം ക്യാമ്പയിന്റെ ഭാഗമാക്കും. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പങ്കെടുക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍ സംരംഭ സബ്‌സിഡി പോലുള്ളവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ ബാധകമാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശീലനം ആവശ്യമാണെങ്കില്‍ അത് ക്യാമ്പയിനിന്റെ ഭാഗമായി നല്‍കും. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ലഭിച്ച എന്‍ട്രികള്‍ തരം തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ചവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം മെയ് മാസം സംഘടിപ്പിക്കും. ജില്ലയിലെ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകളെയും ക്യാമ്പയിന്റെ ഭാഗമാക്കും. മാലിന്യ സംസ്‌കരണ രംഗത്ത് പ്രചരണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ജില്ലാ തലത്തില്‍ നവ മാധ്യമ കൂട്ടായ്മ രൂപീകരിക്കും. ഹരിത കേരളം മിഷന്‍ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് ദ്വൈമാസ ഇന്റേണ്‍ഷിപ്പ് പരിശീലനം നല്‍കും. ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, എന്‍ ടി ടി എഫ്, തലശ്ശേരി പ്രിന്‍സിപ്പല്‍ ടി അയ്യപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ക്യാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 8129218246 എന്ന നമ്പറില്‍ വിളിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →