നെയ്യാറ്റിന്‍കര : മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ യുട്യാബ് ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റിലായി.നെയ്യാറ്റിന്‍കര മണലൂര്‍,കണിയാംകുളം, കുളത്തിന്‍കര വീട്ടില്‍ നിന്ന് ഇരുമ്പിലിന് സമീപം വയലത്തറ വീട്ടില്‍ വാടകയ്‌ക്ക് താസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്.
ഒരാഴ്‌ചമുമ്പ് വഴിമുക്ക് പച്ചിക്കോട് നിസാം മന്‍സിലില്‍ നിസാം, ഭാര്യ ആന്‍സില, ഇവരുടെ രണ്ട് വയസുളള മകന്‍ എന്നിവരെ സമീപവാസികള്‍ ആക്രമിച്ച സംഭവമുണ്ടായി. ഇതില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യുട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള വേറെയും വാര്‍ത്തകള്‍ പ്രതി യുട്യൂബ് ചാനല്‍ വഴി നേരത്തെയും പ്രചരിപ്പിച്ചിരുന്നു.
മാത്രമല്ല 2017ല്‍ പോലീസിന്റെ കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നു. പ്രതി നേരത്തെ ചില മാധ്യമങ്ങളിലെ പ്രദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ത്ത പ്രചരിപ്പിക്കാന്‍ പ്രതി ഉപയോഗിച്ച കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തു. മതസ്‌പര്‍ദ്ധ വളര്‍ത്തിയതിനും ഇലക്ട്രോണിക്ക് മാദ്ധ്യമം ദുരുപയോഗം ചെയ്‌തതിനുമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.