നെടുങ്കണ്ടം: പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ എസ്ഐക്ക് സ്ഥലംമാറ്റം. മര്‍ദനമേറ്റ തേര്‍ഡ്ക്യാംപ് ചെറിയാത്ത് ഷാജിമോനെ (46) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുങ്കണ്ടം എസ്ഐ കെ ദിലീപ്കുമാറിനെ കട്ടപ്പനയിലേക്കാണ് സ്ഥലംമാറ്റിയത്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഷാജിമോനെ എസ്ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പരാതി.
ലാക്ഡൗണ്‍ കാലത്ത് വീട്ടിലെ വൈദ്യുതി ബില്‍തുക റീഡിങ് പരിശോധിക്കാന്‍ വന്നയാളുടെ പക്കല്‍ ഏല്പിച്ചിരുന്നതായി ഷാജിമോന്‍ പറയുന്നു. എന്നാല്‍, അടുത്ത മാസത്തെ ബില്ലിനൊപ്പം കുടിശ്ശിക തുകയും ചേര്‍ത്തിരുന്നുവെന്നു മാത്രമല്ല വീട്ടിലെ കണക്ഷന് വിച്ഛേദിക്കുകയും ചെയ്തു. തുക അടച്ചതാണെന്ന് പറഞ്ഞിട്ട് കെഎസ്ഇബി അധികൃതര്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണ് യുവാവിനെ നെടുങ്കണ്ടം സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഭീകര മര്‍ദനമായിരുന്നു അരങ്ങേറിയത്.
ഷാജിമോന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്ഐ പറയുന്നു. ഷാജിമോന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരനായ ദലിത് യുവാവിനെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പരാതിയുണ്ടെന്നും ഷാജിമോനെതിരേ കേസ് എടുക്കണമെന്നും ജീവനക്കാരന് ആവശ്യപ്പെട്ടതിനാലാണ് കേസ് എടുത്തത്. നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

