കൊച്ചി : ലൈംഗിക പീഡനക്കേസിൽ കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി മുൻകൂർ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഹരജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.
മേക്കപ്പ് ചെയ്യുന്നതിനിടെ ഇയാൾ പീഡിപ്പിച്ചെന്നും ലൈംഗികമായി പെരുമാറിയെന്നും കാണിച്ച് നിരവധി പേരാണ് പരാതി നൽകിയിരിക്കുന്നത്. അനീസ് അൻസാരിക്കെതിരെ ഏറ്റവും ഒടുവിലായി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. ആസ്ത്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയാണ് ഏറ്റവും ഒടുവിൽ പരാതി നൽകിയത്. ഇ മെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ഇതോടെ അനീസ് അൻസാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായിരിക്കുകയാണ്.
കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന നാല് സ്ത്രീകളുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

