ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാകിസ്താന് പ്രദേശത്ത് പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പതിവ് അറ്റക്കുറ്റപ്പണികള്‍ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകസ്മികമായാണ് മിസൈല്‍ തൊടുക്കപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2022 മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. ഇത് സര്‍ക്കാര്‍ ഗൗരവമായി കാണുകയും കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍നിന്ന് പുറപ്പെട്ട മിസൈല്‍ പാകിസ്താനിലെ ആള്‍പാര്‍പ്പില്ലാത്ത ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്. സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അബദ്ധത്തില്‍ സംഭവിച്ച ഈ മിസൈല്‍ വിക്ഷേപണത്തില്‍ ആളപായമൊന്നുമുണ്ടായില്ല എന്നത് ആശ്വാസകരാണെന്നും മന്ത്രാലയം വ്യക്തമാക്കി. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡിജി മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ വീണതായി വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം
