ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. തിങ്കളാഴ്ച(7മാര്‍ച്ച് 2022) ആണ് അവസാനഘട്ട പോളിംഗ്. വാരാണസി ആണ് അവസാനഘട്ടത്തിന്റെ ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെല്ലാം വാരണാസി കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം നടത്തിയത്.പോളിംഗ് നടക്കുന്ന 54ല്‍ 34ലും 2017ല്‍ ജയിച്ചത് ബിജെപി ആയിരുന്നു. 2017നേക്കാള്‍ ഇത്തവണ മല്‍സരം കടുത്തതിനാല്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് കിണഞ്ഞ് ശ്രമിക്കേണ്ടിവരും.അവസാന ഘട്ടത്തില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് മൗ, ഗാസിപൂര്‍, മീര്‍സാപൂര്‍ തുടങ്ങിയ യാദവേതര ഒബിസി വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ആണ്. ഓംപ്രകാശ് രാജ്ബറിന്റെ എസ്ബിഎസ്പി ബിജെപിയെ ഉപേക്ഷിച്ച് എസ്പിയുമായി സഖ്യം രൂപീകരിച്ചതോടെ പല മണ്ഡലങ്ങളിലും നടക്കുന്നത് പ്രവചനാതീതമായ പോരാട്ടമാണ്.സമാജ്വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ, അഖിലേഷ് യാദവിന്റെ ലോക്സഭാ മണ്ഡലം ഉള്‍പ്പെടുന്ന അസംഗഡും പോളിംഗ് ബൂത്തില്‍ എത്തും. കഴിഞ്ഞ തവണ ബിഎസ്പി ജില്ലയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ വോട്ടുകള്‍ നിലനിര്‍ത്താന്‍ ബിഎസ്പിക്ക് കഴിയുമോ എന്നത് നിര്‍ണായകമായിരിക്കും.
വാരാണസി ശ്രദ്ധാകേന്ദ്രം: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്
