ആറന്മുള പോലീസ് സ്റ്റേഷന് ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് നാളെഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലയിലെ ആദ്യ പോലീസ് സ്റ്റേഷന് കെട്ടിടമാണ് ആറന്മുളയില് പ്രവര്‍ത്തനം തുടങ്ങുന്നത്. 1983 ല്‍ മാതൃകാ പോലീസ് സ്റ്റേഷനായി പ്രവര്‍ത്തനം ആരംഭിച്ച ആറന്മുള സ്റ്റേഷന് ആറു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുളയില് പൂര്‍ത്തീകരിച്ചത്. 2018 ലെ പ്രളയത്തില്‍ പഴയ പോലീസ് സ്റ്റേഷന് പൂര്‍ണമായി മുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് 2018ലെ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ വകയിരുത്തി. തുടര്‍ന്ന് 2020 ഓഗസ്റ്റ് മാസത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ ശിലാസ്ഥാപനം നടത്തിയാണ് പുതിയ സ്റ്റേഷന് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
തറക്കല്ലിട്ട് 11 മാസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി. പ്രളയം നേരിടത്തക്കവിധം അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ പാര്‍ക്കിങ് ഗ്രൗണ്ട്, ചൈല്‍ഡ് ഫ്രണ്ട്ലി റൂം, ഡിസബിലിറ്റി റൂം, എന്നിവയും ഒരുക്കിയിരിക്കുന്നു. ഒന്നാം നിലയില്‍ റിസപ്ഷന്, ഫീഡിംഗ് റൂം, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കുള്ള ലോക്കപ്പ്, സമ്മേളന ഹാള്‍, തൊണ്ടിമുറി, ആയുധം സൂക്ഷിക്കാനുള്ള മുറി, പ്രത്യേകം ശുചിമുറികള്‍, എസ്എച്ച്ഒയുടെ മുറി, ക്രൈം ക്രമസമാധാന ചുമതലകളുള്ള എസ്ഐമാരുടെ കമ്പ്യൂട്ടര്‍ മുറികള്‍ തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസ് എഴുതാനുള്ള മുറികള്‍, മെസ് ഹാള്‍, വിശ്രമമുറി, ജിംനേഷ്യം എന്നിവ തയാറാക്കിയിട്ടുണ്ട്. പുതിയ പോലീസ് സ്റ്റേഷന് കെട്ടിട അങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാവും. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് സ്വാഗതം പറയും.
തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ ഷീനാ രാജന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ചെറിയാന് മാത്യു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ എംഎല്‍എ മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പോലീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പത്തനംതിട്ട ഡിവൈഎസ് പി.കെ. സജീവ് നന്ദി പറയും

