പരപ്പനങ്ങാടി നഗരസഭ ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയിലൂടെ ജില്ലാ ടി.ബി സെല്ലിന്റെ സഹകരണത്തോടെ ക്ഷയരോഗ നിര്‍മാര്‍ജ്ജന ബോധവത്ക്കരണ സെമിനാര്‍ നടത്തി. നഗരസഭ കൗണ്‍സിലര്‍മാര്‍, സിഡിഎസ് കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് ക്ഷയരോഗ നിര്‍മാര്‍ജന ബോധവല്കരണ സെമിനാര്‍ നടത്തി. നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.ഷഹര്ബാന് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. വേങ്ങര ടി.ബി യൂണിറ്റിന്റെ ലാബ് സൂപ്പര്‍വൈസര്‍ പി.ഇബ്രാഹിം ക്ഷയരോഗ നിര്‍മാര്‍ജനം എന്ന വിഷയത്തില്‍ സംസാരിച്ചു.
2025 ഓടെ ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായാണ് ബോധവല്കരണ സെമിനാര്‍ സംഘടിപ്പിച്ചത്. ക്ഷയരോഗ ബാധിതര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഉപജീവനം മാര്‍ഗം ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ – ദേശീയ നഗര ഉപജീവന മിഷനിലൂടെ നഗരസഭ പദ്ധതിയൊരുക്കുമെന്ന് വൈസ്ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. പി മുഹ്സിന സീനത്ത് ആലിബാപ്പു, ജയദേവന്, സുബ്രമണ്യന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.പി സുഹറാബി തുടങ്ങിയവര്‍ പങ്കെടുത്തു.

