യുക്രൈന്‍ യുദ്ധം ലോകത്തിന് സമ്മാനിക്കുക സാമ്പത്തിക ദുരന്തമെന്ന് ലോകബാങ്ക്

ലണ്ടന്‍: യുക്രൈന്‍ യുദ്ധം ലോകത്തിന് സാമ്പത്തികദുരന്തമാണെന്നും ആഗോള സാമ്പത്തികവളര്‍ച്ച ചുരുക്കുമെന്നും ലോകബാങ്ക്. സാമ്പത്തികആഘാതം യുക്രൈന്റെ അതിര്‍ത്തിക്ക് അപ്പുറത്തേക്കു പടരുമെന്നും എണ്ണവിലയിലെ വര്‍ധന പണപ്പെരുപ്പത്തിനൊപ്പം ദരിദ്രരാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. യുദ്ധം ഭക്ഷ്യവില ഉയരാന്‍ കാരണമായിട്ടുണ്ടെന്നും ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ക്കു വലിയ ആശങ്കയുണ്ടാക്കുന്നതാണിത്. പണപ്പെരുപ്പനിരക്ക് ഇതിനോടകം ഉയര്‍ന്നുനില്‍ക്കുന്ന മോശപ്പെട്ട സമയത്താണ് യുക്രൈന്‍ യുദ്ധത്തിന്റെ വരവെന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മനുഷ്യനഷ്ടത്തിലാണ് തന്റെ ഏറ്റവും വലിയ ആശങ്കയെന്നും മാല്‍പാസ് പറഞ്ഞു.

യുക്രൈനും റഷ്യയും വലിയ ഭക്ഷ്യോല്‍പാദകരാജ്യങ്ങളാണ്. യുക്രൈനാണ് ലോകത്തിലെ ഏറ്റവും വലിയ സൂര്യകാന്തി എണ്ണ ഉല്‍പാദകര്‍. റഷ്യ രണ്ടാം സ്ഥാനത്തും.ആഗോള ഉല്‍പാദനത്തിന്റെ 60 ശതമാനവും ഇവരാണ്. ഈ രണ്ടുരാജ്യങ്ങളുമാണ് ആഗോള ഗോതമ്പ് കയറ്റുമതിയുടെ 28.9% എന്നാണ് ജെ.പി. മോര്‍ഗന്റെ കണക്കുകള്‍ പറയുന്നത്. യുദ്ധത്തെത്തുടര്‍ന്ന് ഷിക്കാഗോ അവധിവ്യാപാര വിപണിയില്‍ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിരക്കിലാണ് ഗോതമ്പ് വില. വ്യാപകമായ ഉപരോധത്തെത്തുടര്‍ന്ന് ഇത്തരം ഉല്‍പന്നങ്ങളുടെ റഷ്യന്‍ വിതരണം തടയപ്പെടുകയും തന്മൂലം മറ്റുരാജ്യങ്ങള്‍ക്ക് അതു വാങ്ങാനാവാത്ത സ്ഥിതിയുമാണ്. യുദ്ധവും രാജ്യത്തിന്റെ തുറമുഖങ്ങള്‍ അടയ്ക്കുകയും ചെയ്തതോടെ യുക്രൈനില്‍നിന്നുള്ള വിതരണവും നിലച്ചു. റഷ്യ, യുക്രൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിതരണത്തിലുള്ള നഷ്ടം പെട്ടെന്ന് നികത്താന്‍ ഒരു മാര്‍ഗവുമില്ല. അതുകൊണ്ട് വില കൂടും-മാല്‍പാസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →