ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് പ്രഖ്യാപനം മാർച്ചോടെ – മന്ത്രി മുഹമ്മദ് റിയാസ്

ബയോ ഡൈവേർസിറ്റി സർക്യൂട്ട് നടപ്പിലാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ടൂറിസം വകുപ്പിന്റെ കീഴിൽ പുരോഗമിക്കുകയാണെന്നും മാർച്ചോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ്. ടാഗോർ സെന്റിനറി ഹാളിൽ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (കെഎസ്ബിബി) ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി) ശാക്തീകരണത്തിനായി നടത്തിയ ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളാണ് ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ ചെയ്തു കൊണ്ടിരിക്കുന്നത്. ടൂറിസം സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ ത്രിതല പഞ്ചായത്തുകളിൽ നിന്നും ഡെസ്റ്റിനേഷൻ ചാലഞ്ച് വഴി ശേഖരിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 100 കണക്കിന് ടൂറിസം ഡെസ്റ്റിനേഷനുകളാണ് ഉണ്ടാവാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ പരിപാലനം ടൂറിസം വകുപ്പും ത്രിതല പഞ്ചായത്തുകളും ചേർന്നായിരിക്കും നിർവ്വഹിക്കുക.

പൊതു മരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ നവീകരിച്ചപ്പോൾ ഒരു കോടി രൂപയുടെ വരുമാനം മൂന്ന് മാസം കൊണ്ട് ലഭിച്ചു. റോഡുകളുടെ നിർമ്മാണത്തിൽ ഡിവൈഡറുകൾക്ക് പകരം ചെടികൾ നട്ടുവളർത്തി പരിപാലിക്കുന്നതിനെ പറ്റിയും ആലോചിക്കും – മന്ത്രി പറഞ്ഞു.

പരിസ്ഥിതിയെ വീണ്ടെടുക്കാൻ പൊതു ജനങ്ങളെ കൂടി ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമാക്കണം. വികസനത്തോടൊപ്പം ചേർന്ന് നിന്ന് അവയെ ഫലപ്രദമായി സംരക്ഷിക്കാനായാൽ മാത്രമേ സുസ്ഥിര വികസനം സാധ്യമാവൂ മന്ത്രി കൂട്ടിച്ചേർത്തു.

എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തദ്ദേശ ഭരണ തല കർമ്മ പദ്ധതിക്കും പരിപാടിയിൽ രൂപം നൽകി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗങ്ങളായ കെ.വി ഗോവിന്ദൻ, കെ.ടി ചന്ദ്രമോഹൻ, ജില്ലാ കോർഡിനേറ്റർ കെ.പി മഞ്ജു, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, ബി എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →