ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനുകൾ ഇന്ത്യയിൽ നിയമവിധേയമാണോയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ നിർദേശിച്ചത് .നിലപാട് വ്യക്തമാക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയെ അറിയിച്ചു. ഗൈൻ ബിറ്റ്കോയിൻ കുംഭകോണ കേസിലെ മുഖ്യ പ്രതിയായ അജയ് ഭരദ്വാജ് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നിക്ഷേപകർക്ക് വലിയ ലാഭം വാഗ്ദാനം ചെയ്ത് 2,000 കോടിയുടെ ബിറ്റ്കോയിൻ ഇടപാട് അജയ് ഭരദ്വാജും സഹോദരൻ അമിത് ഭരദ്വാജും നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ അന്വേഷണത്തിൽ 87,000 കോടിയുടെ ബിറ്റ്കോയിൻ ഇടപാട് നടന്നെന്ന് കണ്ടെത്തിയതായും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ വ്യക്തമാക്കി.തുടർന്നാണ് ബിറ്റ്കോയിൻ ഇന്ത്യയിൽ നിയമ വിധേയമാണോ അല്ലയോ എന്ന് വ്യക്തമാക്കാൻബെഞ്ചിലെ അംഗമായ ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടത്..

