കോഴിക്കോട്: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് (കെഎസ്ബിബി) ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി) ശാക്തീകരണത്തിനായി നടത്തുന്ന ജില്ലാതല പരിശീലന പരിപാടി ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 9.30 മുതൽ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് മുഖൃാതിഥിയാകും.
‘വായ്പാ വിതരണവും പുതിയ പദ്ധതികൾ പരിചയപ്പെടുത്തലും’ പരിപാടി തിങ്കളാഴ്ച
പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വായ്പാ വിതരണവും പുതിയ പദ്ധതികൾ പരിചയപ്പെടുത്തലും’ പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചെറുവണ്ണൂർ വി വൺ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ യു.ആർ പ്രദീപ് അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ അംഗങ്ങളും ജനപ്രതി നിധികളും പങ്കെടുക്കും.
‘മഹാമാരിക്കാലത്തെ പെണ്ണകങ്ങൾ’ വെബിനാർ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജൻഡർ പാർക്കിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വെബിനാർ ഫെബ്രുവരി 26ന്. ‘മഹാമാരിക്കാലത്തെ പെണ്ണകങ്ങൾ’ എന്ന വിഷയത്തിൽ രാവിലെ 11 മണിക്ക് വെബിനാർ ആരംഭിക്കും. മേയർ ഡോ. ബീനാ ഫിലിപ്പ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫ. പി.എ ബേബി ശാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എ.പി ഭവിത മോഡറേറ്ററാകും.
മീറ്റിങ് ലിങ്ക് https://meet.google.com/cxq-nhqs-mdo
തിരഞ്ഞെടുപ്പ് കമ്മീഷൻ ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു
2022ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകർക്കുളള ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ ഭാവിയാണ് എന്റെ വോട്ട്’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംഗീതം, വീഡിയോ നിർമാണം, പോസ്റ്റർ ഡിസൈൻ, പരസ്യ വാചകം ഇനങ്ങളിലായി മത്സരം നടത്തും. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്.
മത്സരപരിപാടികളിൽ പങ്കെടുക്കുന്നവർ അവരുടെ സൃഷ്ടികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയ വിശദവിവരങ്ങൾ സഹിതം മാർച്ച് 15ന് മുമ്പായി votercontest@eci.gov.in -ലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ ഇലക്ഷൻ വിഭാഗം, താലൂക്ക് ഇലക്ഷൻ വിഭാഗം എന്നിവിടങ്ങളിൽനിന്നും അറിയാവുന്നതാണ്. വെബ്സൈറ്റ്: https://voterawarenesscontest.in/

