കോട്ടയം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്യാമ്പ് പ്രസിഡന്റ് റോസിലി ടോമിച്ചൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓഡിയോളജിസ്റ്റ് ഡോ. അഖിൽ പി സജി, മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോ. അൻസാരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വീൽചെയർ, ബെഡ്, വാക്കർ തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള 42 പേരെ ക്യാമ്പിലൂടെ കണ്ടെത്തി. ഇവർക്കായുള്ള 3.75 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ അടുത്ത മാസം വിതരണം ചെയ്യും.
ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ഓമന സണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ദീപ ജോസ്, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ സുമിത ബിനു, അംഗങ്ങളായ ജസ്റ്റിൻ ജോസ്, അരുൺ ഫിലിപ്പ്, പ്രിൻസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

