കളമശേരിയിലെ തീപിടിത്തത്തെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവർക്ക് വദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിനെ സഹായിക്കാൻ ആരോഗ്യ വകുപ്പിലെ ഒഫ്ത്താൽമോളജി ഡോക്ടർമാരുടേയും സ്പെഷ്യൽ ഡോക്ടർമാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്നും മന്ത്രി പറഞ്ഞു.
51 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പുൽതൈലം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനെത്തിയ ഫയർഫോഴ്സിലേയും കമ്പനിയിലേയും ആൾക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരുടെ ചികിത്സയ്ക്കായി രണ്ട് പ്രത്യേക വാർഡുകൾ അടിയന്തരമായി സജ്ജമാക്കി. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തിൽ സർജറി, മെഡിക്കൽ, ഒഫ്ത്താൽമോളജി എന്നീ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് ചികിത്സ ഉറപ്പാക്കിയത്. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.

