കോഴിക്കോട്: തീവ്രവാദ സംഘടനകളുടെ പിന്തുണയും ഫണ്ടുമുപയോഗിച്ചാണ് സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചതോടെ സഭയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയുമായ ബന്ധപ്പെട്ടുണ്ടായ വിവാദം പുതിയ മാനങ്ങളിലേക്ക് കടന്നു. കാരക്കാമല സെന്റ് മേരീസ് പള്ളി വികാരിയും കാരക്കാമല എഫ്സിസി മഠത്തിന്റെ വനിതാ മേലധികാരിയും ഒരാഴ്ച മുമ്പ് പള്ളിയോട് ചേര്‍ന്ന മുറിയില്‍ ഒരുമിച്ച് കണ്ടുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് സി. ലൂസി കളപ്പുരയെ നേരിടാന്‍ പുതിയ നീക്കങ്ങളുമായി കത്തോലിക്കാ സഭ രംഗത്തിറങ്ങിയത്. സിസ്റ്റര്‍ ലൂസിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ബിജെപിയെ ഒപ്പംകൂട്ടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ലൂസി കളപ്പുരക്കെതിരേ അത്തരം പ്രചരണങ്ങള്‍ മാനന്തവാടി രൂപത ആരംഭിച്ചതായി സൂചനകള്‍.
മെയ് 28ന് രാവിലെ പള്ളിയില്‍പോയ സുപ്പീരിയര്‍ സിസ്റ്റര്‍ എട്ടുമണിയായിട്ടും തിരികെ വരാതിരുന്നപ്പോള്‍ തോന്നിയ സംശയമാണ് തന്നെ പള്ളിമുറിയുടെ മുമ്പിലെത്തിച്ചതെന്നും അപ്പോള്‍ അവരുടെ ലൈംഗികവേഴ്ച നേരില്‍ കണ്ടെന്നുമായിരുന്നു സി. ലൂസി കളപ്പുരയുടെ പറയുന്നത്. ഇത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ പിന്തുണ നല്‍കുന്ന ചില സംഘടനകള്‍ക്കെങ്കിലും തീവ്രവാദ സ്വഭാവമുള്ളതാണ്. കത്തോലിക്ക സഭയ്‌ക്കെതിരേ അടുത്ത കാലത്ത് നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ പല സംഘടനകളുടെയും സാന്നിധ്യമുണ്ട്. സി. ലൂസി കളപ്പുരയുടെ സമരങ്ങള്‍ക്കടക്കം ഫണ്ട് നല്‍കുന്നതില്‍ ഇതേ പുറംശക്തികളുടെയും സംഘടനകളുടെയും ഇടപെടലുകള്‍ ഉണ്ടോയെന്നുമുള്ള സംശയമുണ്ടെന്ന് കെസിവൈഎം ഭാരവാഹികള്‍ ആരോപിച്ചു.
കാരക്കാമലയിലെ കന്യാസ്ത്രീകള്‍ മറ്റിടങ്ങളിലേക്ക് മാറാത്തത് സിസ്റ്റര്‍ ലൂസിയെ ആരെങ്കിലും അപകടപ്പെടുത്തുമോയെന്നു ഭയന്നിട്ടാണ്. രൂപതയുടെയോ സഭയുടെയോ നിലപാടുകള്‍ അന്വേഷിക്കാതെ ഏകപക്ഷീയമായി ലൂസിയുടെ നിലപാടുകളോട് ചേര്‍ന്നാണ് മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. കാരക്കാമല എഫ്സിസി മഠത്തില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ക്ക് നിലവില്‍ ജീവനു ഭീഷണിയുണ്ട്. സി. ലൂസി കളപ്പുരയെ ആരെങ്കിലും അപായപ്പെടുത്താനും അത് കത്തോലിക്ക സഭയുടെമേല്‍ കെട്ടിവയ്ക്കാനുമുള്ള ഗൂഡാലോചന നടക്കുന്നുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ കെസിവൈഎം ഭാരവാഹികള്‍ ആരോപിച്ചു.