കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അപമാനകരമായ പ്രചരണം നടത്തിയ വില്ലേജ് ഓഫീസര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അപമാനകരമായ പ്രചരണം നടത്തിയ വില്ലേജ് ഓഫീസര്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ടി മനോജ്, വില്ലേജ് ഓഫീസര്‍ മുരളി, അജയകുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവതിയുടെ സഹോദരി കഴിഞ്ഞമാസം 19ന് നാട്ടിലെത്തിയിരുന്നു. മറ്റൊരു വീട്ടിലാണ് സഹോദരിയും അമ്മയും നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍, ആരോഗ്യപ്രവര്‍ത്തകയ്ക്ക് അവരുമായി സമ്പര്‍ക്കമുണ്ടായിരുന്നുവെന്നും ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും കുപ്രചരണമുണ്ടായി. ഇതേത്തുടര്‍ന്നാണ് ആത്മഹത്യാശ്രമമുണ്ടായത്. രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച യുവതിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ആരോഗ്യപ്രവര്‍ത്തക വാട്സ്ആപ്പില്‍ അയച്ച ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം