ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം

കാസര്‍കോഡ് : 2020 ലെ ട്രോളിങ്  നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31  അര്‍ധരാത്രി വരെയാണെന്ന്  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ട്രോളിങ് നിരോധനം സംബന്ധിച്ച കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള തീരദേശത്തെ തെങ്ങുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന്  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെയും കടല്‍ ആക്രമണമുണ്ടായാല്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. പുനരധിവാസ ക്യാമ്പുകള്‍ ആവശ്യമായി വന്നാല്‍ അതിനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കും. രണ്ടു തീരദേശ പോലീസ് സ്റ്റേഷന്‍ പരിധിയിലും രണ്ട് രക്ഷാ ബോട്ടുകള്‍  തയ്യാറാക്കി. രക്ഷാ ദൗത്യത്തിന് ഒരു സ്പീഡ് ബോട്ട് കൂടി ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫിഷറീസ് അഴിത്തലയില്‍ ഒരു സുരക്ഷാ ബോട്ടും തളങ്കരയില്‍ ഒരു ഫൈബര്‍ ബോട്ടും ഏര്‍പ്പെടുത്തി. ജൂണ്‍ ഒമ്പതിന് മുമ്പ് തന്നെ ഇതര സംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടു പോകുന്നു എന്ന് ഉറപ്പുവരുത്തും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കുന്ന കാലയളവില്‍ മത്സ്യത്തൊഴിലാളികളുടെയും അവരുടെ യാനങ്ങളുടെയും സ്വത്തിന്റെയും സുരക്ഷയ്ക്കായും കടല്‍ രക്ഷാപ്രവര്‍ത്തനവും ട്രോളിങ് നിരോധനവും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം  പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 2000 രൂപ വീതം ധന സഹായം കൊടുത്തിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ പറഞ്ഞു. 

മത്സ്യ ഫെഡ് ഡയറക്ടര്‍ കാറ്റാടി കുമാരന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ഐ രാജീവന്‍, മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍  സംഗീത പി, നീലേശ്വരം   ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് മാത്യു  എം എ, വിദ്യാനഗര്‍ ഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ യുപി, കെ മനോഹരന്‍ കീഴൂര്‍, ഫിഷറീസ് ഡെവലപ്‌മെന്റ് ഓഫീസര്‍ എം ചന്ദ്രന്‍, ബോട്ട് ഉടമകളുടെ പ്രതിനിധി കെ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83786

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →