മലപ്പുറം: ലോകായുക്ത ഓർഡിനൻസിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ. ലോകായുക്ത ഓർഡിനൻസ് എ.ജിയുടെ നിയമോപദേശം പ്രകാരമാണെന്ന് നിയമവകുപ്പ് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട നിർദേശം വന്നതാണെന്നും ഹൈക്കോടതി വിധികളെ പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകായുക്ത ഓർഡിനൻസ് ഗവർണർക്ക് അയച്ചതിനെ തുടർന്ന് പതിപക്ഷം വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ലോകായുക്ത തന്നെ ചില ഭേദഗതികൾ ആവശ്യമാണെന്ന് അറിയിച്ചു, ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വ്യവസ്ഥ കേരളത്തിലെ നിയമത്തിലുണ്ട്, ലോകായുക്ത വിധിക്കെതിരെ അപ്പീൽ പോകുന്നതിന് പോലുമുള്ള അവസരം ഇല്ല, എല്ലാ വശങ്ങളും പരിശോധിച്ചുള്ള ഓർഡിനൻസാണ് സർക്കാർ പുറപ്പെടുവിച്ചത്, ഭരണഘടനക്ക് അനുസൃതമായാണ് ഭേദഗതി, ലോകായുക്ത സംവിധാനം നടത്തുന്ന അന്വേഷണ റിപ്പോർട്ട് സർക്കാരിന് മുന്നിൽ വരും, അഴിമതിക്കെതിരായ വിട്ടുവീഴ്ച തന്നെയാണ് സർക്കാരിന്റേത്, മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനും എതിരായ പരാതിക്ക് ഇതുമായി ബന്ധമില്ല, കാബിനറ്റ് അധികാരത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ, അഴിമതിയിൽ വിട്ടുവീഴ്ചയില്ല, ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന നിർദേശമുണ്ടായിരുന്നു. മന്ത്രി വിശദീകരിച്ചു.

സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായാണ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിന്റെ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വിഡി സതീശൻ വ്യക്തമാക്കി. ലോകായുക്ത ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഷ്ടമുള്ള ആളുകളെ ലോകായുക്തയിൽ കയറ്റാം, കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ലോകായുക്തയെ സമീപിക്കാനിരിക്കെയാണ് സർക്കാർ ലോകായുക്തയിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്, പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഓർഡിനൻസ് സി പി എമ്മിന്റെ അഖിലേന്ത്യ നയത്തിന് വിരുദ്ധമാണെന്നും ലോകായുക്തയെ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് കൂടി ഉൾപ്പട്ട കമ്മറ്റി കൂടിയാണെന്നും വിഡി സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാർ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →