നടിയെ അക്രമിച്ച കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ദിലീപ് നൽകിയ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

നിസാര കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് പരാതിക്കാരൻ ആദ്യം സമീപിക്കേണ്ടതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസിന്റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

മാധ്യമവിചാരണയ്ക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നു. വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാർച്ച് 19ന് ഉത്തരവും നൽകി. ഇതു ലംഘിച്ച് മാധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്റെ ഹരജിയിലെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →