തിരുവനന്തപുരം : മുന്നോക്കസമുദായത്തിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവ്വേയുടെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻഎസ്എസ്. സർക്കാർ നിയോഗിച്ച ജസ്റ്റിസ് എംആർ ഹരിഹരൻ കമ്മീഷൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് എൻഎസ്എസ് തള്ളിയത്. സാമ്പിൾ സർവ്വെ അശാസ്ത്രീയമാണെന്നാണ് എൻഎസ്എസ് നിലപാട്. ഇപ്പോൾ നടത്തുന്ന സർവ്വേ പ്രകാരം യഥാർത്ഥ പിന്നാക്കക്കാരെ കണ്ടെത്താനാകില്ലെന്നാണ് എൻഎസ്എസ് പറയുന്നത്.
മുന്നാക്ക സമുദാങ്ങളിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് ഏതെല്ലാം ഘടകങ്ങൾ സംബന്ധിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നതെന്ന് നിജപ്പെടുത്തുകയോ സർവേയ്ക്കുള്ള രീതിശാസ്ത്രം നിശ്ചയിക്കുകയോ കമ്മീഷൻ ചെയ്തിട്ടില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തുന്നു. കമ്മീഷൻ നേരിട്ടല്ലാതെ പുറത്ത് നിന്നുള്ള വിവരശേഖരം നിയമവിരുദ്ധമാണ്.
നിമയം അനുശാസിക്കുന്ന വിധത്തിലല്ലാതെയുള്ള സർവേയും നിയതമായ മാർഗ്ഗനിർദ്ദശങ്ങൾ പാലിക്കാതെ പുറത്തുനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കൂട്ടിക്കലർത്തുന്നതും മുന്നാക്ക വിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങൾകൂടി നിഷ്ടപ്പെടുത്താനേ ഉതകൂ എന്നുള്ളതിനാലാണ് കമ്മീഷന്റെ സാമ്പിൾ സർവേ എൻഎസ്എസ് എതിർത്തുന്നെന്നും പ്രസ്താവനയിർ പറയുന്നു

