പറവൂരിൽ വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ

എറണാകുളം: എറണാകുളം പറവൂരിൽ വിസ്മയയെ സഹോദരി ജിത്തു കത്തിച്ചത് ജീവനോടെ. വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതൽ കാരണം ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം സഹോദരിയുമായി വാക്കുതർക്കമുണ്ടായപ്പോൾ ജിത്തു കറിക്കത്തിയെടുത്തു. കത്തി കൊണ്ടു നേരെ വീശിയപ്പോൾ വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവുപറ്റി. ശേഷം വിസ്മയയുടെ ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ചു. ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. പിന്നീട് തീ പടർന്നപ്പോൾ വിസ്മയയെ അതിലേക്ക് പിടിച്ചിടാൻ ശ്രമിച്ചു. സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളിയിട്ടു. ശേഷം മണ്ണെണയും രക്തവുമായ തന്റെ വസ്ത്രം മാറ്റി ജിത്തു വൃത്തിയുള്ള വസ്ത്രം ധരിച്ചു. പിന്നീട് വീടിന്റെ അരികിലുള്ള വഴിയിലൂടെ പുറത്തുപോയി. അവിടെ നിന്ന് ഒരാളോട് പത്തു രൂപ വാങ്ങിയും കാറുകളിൽ ലിഫ്റ്റ് ചോദിച്ചും എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ ഒരു മാളിൽ കയറി ജോലി അന്വേഷിച്ചു. എന്നാൽ ആധാർ കാർഡുമായി നാളെ വരാൻ ആവശ്യപ്പെട്ട് അവർ പറഞ്ഞയച്ചു. പിന്നീട് ശുചിമുറിയിലും മറ്റുമായി ജിത്തു നേരം വെളുപ്പിക്കുകയായിരുന്നു. അതിനുശേഷമാണ് പിങ്ക് പൊലിസ് ജിത്തുവിനെ കണ്ടെത്തിയതും തെരുവോരം മുരുകൻ നടത്തുന്ന കാക്കനാട് അഭയ കേന്ദ്രത്തിൽ എത്തിച്ചതും. അവിടെ നിന്നാണ് വിസ്മയ വധക്കേസിലെ പ്രതിയാണെന്ന് കണ്ടെത്തി പിടികൂടിയത്. സഹോദരിയെ കുത്തുന്നതിനിടെ ജിത്തുവിനും മുറിവേറ്റിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →