സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്ന് സർക്കാരിന് നിശ്ചയമില്ല : വിവരശേഖരണ സർവേ തടസപ്പെടുകയും ചെയ്തു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്നതിന്റെ വ്യക്തമായ കണക്ക് സംസ്ഥാന തൊഴിൽ വകുപ്പിന്റെ പക്കലില്ല.അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ കേന്ദ്ര സർക്കാർ രാജ്യമാകെ 6 മാസം മുൻപ് ആരംഭിച്ച സർവേ പല കാരണങ്ങളാൽ കേരളത്തിൽ തടസ്സപ്പെടുകയും ചെയ്തിരുന്നു. . വിവരം ശേഖരിക്കാൻ എത്തിയവരെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യം പല ജില്ലകളിലും ഉണ്ടായതോടെ, സർവേക്കു നിയോഗിച്ചവർ അത് ഉപേക്ഷിച്ചു മടങ്ങി. അതേസമയം, കേന്ദ്രം സർവേ നടത്തുന്ന കാര്യം അറിയില്ലെന്നാണു സംസ്ഥാനത്തെ തൊഴിൽ വകുപ്പിന്റെ വിശദീകരണം.

അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിലെ പ്രയാസം, വിവരശേഖരണത്തിനു നിയോഗിച്ച ഏജൻസിയിയിലെ വേതനവിതരണ പ്രശ്നങ്ങൾ, വിവരശേഖരണ സാങ്കേതിക സംവിധാനത്തിലെ തകരാറുകൾ തുടങ്ങിയവയും കേരളത്തിലെ സർവേ തടസ്സപ്പെടാൻ കാരണമായി. തൊഴിൽ മന്ത്രാലയത്തിനു കീഴിലെ ലേബർ ബ്യൂറോയുടെ മേൽനോട്ടത്തിലുള്ള സർവേ, പ്രധാനമായും കോവിഡ് കാലത്തു ജോലി നഷ്ടപ്പട്ടവരുടെ കണക്കെടുപ്പിനു വേണ്ടിയാണ്. പൊതുമേഖലാ കമ്പനിയായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡാണ് ഇതിനു രാജ്യമാകെ നേതൃത്വം നൽകുന്നത്.

കോവിഡിനെത്തുടർന്നു തൊഴിലാളികൾ സ്വന്തം നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യം ഉണ്ടായോ, അവരുടെ വീടും പരിസരവും കുടുംബവും സാമ്പത്തികസ്ഥിതിയും, ചെലവിടുന്ന പണത്തിൽ വന്ന ഏറ്റക്കുറച്ചിലുകൾ, അവശ്യ വസ്തുക്കൾ ലഭിക്കുന്നുണ്ടോ, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹായം കിട്ടിയോ, അത്തരം പദ്ധതികളുടെ ഗുണഭോക്താവാണോ, വസ്ത്രങ്ങൾക്കും മറ്റു സാധനങ്ങൾക്കും ചെലവിടുന്ന തുക തുടങ്ങി വിശദമായ ചോദ്യാവലി സർവേക്കായി തയാറാക്കിയിട്ടുണ്ട്.

സർവേ നടത്താനായി വർഷങ്ങൾക്കു മുൻപ് പൊലീസും തൊഴിൽ വകുപ്പും ചേർന്ന് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇവർ കൂടുതലായി താമസിക്കുന്ന മേഖലകളിൽ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകുകയായിരുന്നു ഉദ്ദേശ്യം. അതിഥിത്തൊഴിലാളികൾക്കായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ‘ആവാസി’ൽ 5.2 ലക്ഷം പേർ റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ 3.5 ലക്ഷം പേർ കേരളം വിട്ടുപോയി എന്നാണു സർക്കാർ കണക്ക്. എത്ര പേർ തിരിച്ചെത്തി എന്നതിനു കണക്കുമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →